സ്ത്രീ പുരുഷ ബന്ധത്തിന്റെ അസ്ഥിത്വം

പപ്പയുടെ ശവമടക്കും കഴിഞ്ഞ് ജോയ് മാത്യൂ പള്ളി മുറ്റത്തു നിന്നും പുറത്തിറങ്ങി. കൊറോണക്കാലമായതിനാൽ വളരെക്കുറച്ചുപേർ മാത്രമേ മരണാനന്തര ചടങ്ങുകൾക്കുണ്ടായിരുന്നുള്ളൂ. അവന് ഒന്നുറക്കെ പൊട്ടിക്കരഞ്ഞ് നെഞ്ചിലൊളിപ്പിച്ച ഭാരം കഴുകിക്കളയണമെന്നു തോന്നി. സമൂഹം തന്നിൽ നിഷ്കർഷിച്ചിരിക്കുന്ന ബാധ്യതകൾ ഓർത്തു. പുരുഷൻ ഉറക്കെ കരഞ്ഞാൽ അവനൊരു കിഴങ്ങൻ, തന്റേടമില്ലാത്തവൻ എന്നു പറഞ്ഞാ ക്ഷേപിക്കുന്ന സമൂഹത്തെ ഓർത്തു. അവന്റെ വ്യഥകൾ ഉള്ളിലൊതുക്കി. അവിടെ നിന്നാൽ കൂടുതൽ ആളുകൾ ശ്രദ്ധിക്കുമെന്നു കരുതി അവൻ വീണ്ടും പള്ളിമുറ്റത്തേക്ക് നീങ്ങി. അവിടെ നിന്നും പിൻവശത്തേക്കും നീങ്ങി. ശവമടക്കുന്ന സെമിത്തേരിക്കുള്ളിലൂടെ നീങ്ങിയപ്പോൾ സാധാരണ തോന്നുന്ന ഭയമൊന്നും അവനപ്പോൾ തോന്നിയില്ല. ആ ഇടവകയിൽ കുറച്ച് അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ശവക്കല്ലറകളും കുറവായിരുന്നു. പതിവു പോലെ തന്റെ കണ്ണുകൾ ഉടക്കാറുള്ള ആ കല്ലറയിൽ അവന്റെ കണ്ണുകൾ ഉടക്കി.

ഏലിയാമ്മ മാത്യൂ

ജനനം – 25-12 – 1940

മരണം – 10-5-2018

ഗുൽമോഹർ മരം പൊഴിച്ചിട്ടിരിക്കുന്ന പുഷ്പങ്ങൾക്കൊപ്പം അവനും കണ്ണീർ പൊഴിച്ചു.രാത്രിയിൽ ഉറക്കത്തിനിടയിൽ വയർ നിറഞ്ഞോ എന്നു തപ്പി നോക്കുന്ന അമ്മച്ചിയെ ഓർത്തപ്പോൾ അവനു സങ്കടം സഹിക്കാൻ ആയില്ല. നഷ്ടപ്പെടുമ്പോൾ ഭാരം ഒറ്റക്കു ചുമക്കുന്നതിന്റെ സങ്കടമാകാം ഒരു പക്ഷെ സ്നേഹം എന്നു പറയുന്നത്. എല്ലാ സ്നേഹത്തിന്റേയും പിന്നിൽ സ്വാർത്ഥ താത്പര്യങ്ങളാണോ ?. ഗുൽമോഹർ മരത്തിന്റെ ചുവട്ടിൽ പണിഞ്ഞിട്ടിരിക്കുന്ന കൽ ബഞ്ചിലവൻ ഇരുന്നു . തീർത്തും അനാഥനായിരുന്ന തന്നോട് അമ്മച്ചിക്കുണ്ടായ സ്നേഹവായ്പിന്റെ കാരണങ്ങൾ അവ്യക്തമായിരുന്നു. അനാഥാലയത്തിൽ നിന്നും തന്നെ ദത്തെടുക്കുമ്പോൾ തന്റെ കണ്ണുകളിൽ കണ്ട നിഷ്കളങ്കതയും ഭയവുമാണ് അമ്മച്ചിയ്ക്ക് ഇഷ്ടമായതെന്ന് അമ്മച്ചി എപ്പോഴും പറയാറുണ്ടായിരുന്നു. ഓർമ്മകൾക്കു കടിഞ്ഞാണില്ലാതെ പോകവെ, തലയിൽ കൂടി സാരി വലിച്ചിട്ട് സാലി തന്റെ അരികിലേക്കു വരുന്നത് അവൻ കണ്ടു. വെയിലടിയേറ്റു ചുമന്ന അവളുടെ നാസികയിൽ വിയർപ്പുതുള്ളികൾ മുത്തുമണി പോലെ ചുമന്നു. ചന്ദന നിറമാർന്ന അവളുടെ നിറവും സാരിയും തമ്മിൽ വേർതിരിക്കാനാവുമായിരുന്നില്ല. സൂര്യന്റെ വെയിൽനാളങ്ങൾ നിഴലും വെളിച്ചവും സൃഷ്ടിച്ചു. സൂര്യപ്രകാശം യഥാർത്ഥത്തിൽ റേഡിയേഷൻ കിരണങ്ങളാണല്ലോ. അർബുദ രോഗികൾക്ക് റേഡിയേഷൻ നല്കുന്ന പോലെ സകല രോഗാണുക്കളേയും നിർമ്മാർജനം ചെയ്യാൻ സൂര്യപ്രകാശത്തിനാവും.. അവളുടെ മുഖത്തേക്കവൻ ദയനീയമായി നോക്കി. “എനിക്കറിയാം നീ ഇവിടെ എവിടെയെങ്കിലും മോങ്ങിക്കൊണ്ടിരിക്കുമെന്ന്. ഞാനെവിടെയെല്ലാം തിരഞ്ഞു . ആരോടെങ്കിലും ചോദിക്കാനൊക്കുമോ ?”

അവൾ മുഖവുരയില്ലാതെ സംസാരിച്ചു തുടങ്ങി.

” നിനക്കെന്നാ പറ്റി? നിന്റെ പപ്പ മരിച്ചു. അതു നിന്റെ സ്വന്തം പപ്പയൊന്നുമല്ല. അങ്ങേർക്കു നിന്നെ അത്ര പിടുത്തവുമായിരുന്നില്ല. പിന്നെന്തോന്നാടാ ഇത് ?”

അവളെ ചേർത്തുപിടിച്ച് ഒന്നു ഉറക്കെക്കരയാനാണവന് തോന്നിയത്. സദാചാരത്തിന്റെ നൂലിഴകൾ കൊണ്ട് ബന്ധിക്കപ്പെട്ടിട്ടില്ലാത്തതിനാൽ അവനതിനാകുമായിരുന്നില്ല തന്റെ ഹൃദയം സൂക്ഷിപ്പുകാരിയും എന്നാൽ പേരിടാനൊരു ബന്ധവുമില്ലാത്തതിനാൽ അവൻ തല കുമ്പിട്ടിരുന്നു. അവളോട് ഒന്നു സംസാരിച്ചു തീർത്താൽ ഹൃദയത്തിലെ അഴുക്കുകൾ ഓവുചാലിൽ കൂടി ഒഴുകി അകലുകയും തിളങ്ങുന്ന പാത്രം പോലെ ആകുമെന്നും അവൻ വിശ്വസിച്ചു.

” എനിക്കറിയാം നിന്റെ പ്രശ്നങ്ങളെന്താണെന്ന് . അറിഞ്ഞോണ്ടു തന്നാ വന്നത്. നിനക്കിപ്പോൾ പണത്തിന്റെ ആവശ്യമുണ്ട് അല്ലേ. ചടങ്ങുകൾക്കൊക്കെ കുറെ പണം വേണം അല്ലേ. എന്റെ കയ്യിൽ ഇരുപതിനായിരം രൂപയുണ്ട്. ഇപ്പോ ഇത് നീ എട്. ബാക്കി എന്തോന്ന് വച്ചാ ചെയ്യാം”

അവൾ ബാഗു തുറന്ന് എ.റ്റി.എം കാർഡ് നിർബന്ധപൂർവം കയ്യിൽ വച്ചു കൊടുത്തു. ജോയ് എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്നു.

“നിന്റെ കയ്യിൽ നിന്നും പലപ്പോഴും ഞാൻ പണം വാങ്ങീട്ടൊണ്ട്. തിരികെ തരാനുമായിട്ടില്ല”.

അവന്റെ മനസ്സു തുറന്നു കാട്ടാനൊരുങ്ങിയപ്പോൾ അവൾ പതിയെ പറഞ്ഞു.

” കണക്കെല്ലാം എഴുതി വച്ചോ. പലിശ സഹിതം തന്നാൽ മതി. ഇനി ഞാൻ ഇവിടെ നിന്നാൽ ശരിയാകില്ല ” . എന്നു പറഞ്ഞു നടന്നുനീങ്ങുമ്പോൾ അവൾ ഒന്നുകൂടി കൂട്ടി ചേർത്തു.

” പിൻ നമ്പർ അറിയാല്ലോ. കൊണ്ടു കളയല്ലേ എ.റ്റി എം. കാർഡ് “

ഒരു മാലാഖയുടെ പരിവേഷം പകർന്നാടിയ കഥാപാത്രമായിരുന്നു സാലി. അവൻ ആലോചിക്കാറുണ്ട്. ഓരോ മനുഷ്യരുടെ ഉള്ളിലും ഓരോ മൃഗങ്ങൾ ഒളിഞ്ഞിരുപ്പുണ്ട്. ആ മൃഗങ്ങൾ പകർന്നാടുന്ന സ്വഭാവങ്ങളാണ് പുറത്തു കാണുന്നത്. തന്റെ ജീവിതത്തിൽ ആരായിരുന്നു സാലി. തന്റെ ബാല്യകാലസഖി. തന്റെ ഹൃദയത്തിന്റെ വിശുദ്ധി തൊട്ടറിഞ്ഞവൾ. പോക്കറ്റിൽ കിടന്ന എ.റ്റി.എം കാർഡെടുത്തു നോക്കി.

“പാവം അവളെന്തു കഷ്ടപ്പെട്ട പൈസയായിരിക്കും ഇത്. ഹോസ്പിറ്റലിൽ ചലവും മൂത്രവും തുടച്ച് രോഗികൾക്ക് കൂട്ടായിരിക്കുന്ന മാലാഖ . ഭർത്താവില്ലെങ്കിലും നന്നായി കുടുംബം പുലർത്തി രണ്ടു പെൺ മക്കളെ പഠിപ്പിക്കുന്നവൾ “

മരണം കഴിഞ്ഞ വീടായിരുന്നെങ്കിലും കൊറോണയായതിനാൽ അതിഥികൾ കൂടുതലാരും ഉണ്ടായിരുന്നില്ല. ജോയിയുടെ ഭാര്യയായ മേരിയും മേരിയുടെ അമ്മയും അനിയത്തിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മൂന്നു ദിവസമായി പപ്പയോടൊപ്പം ആശുപത്രിവാസമായിരുന്നതിനാൽ ഉറക്കക്കുറവായിരുന്നു. ജോയിക്ക് കുളിച്ചു നന്നായി ഉറങ്ങണമെന്നു തോന്നി. കിടന്ന പാടെ ഉറങ്ങിപ്പോയി. ഒരു ബഹളം കേട്ടാണ് ഞെട്ടിയുണർന്നത്. മേരി കലി പൂണ്ട് നിൽപ്പാണ്

” ആരുടെ എ.റ്റി.എം.ആ ഇത്. നിങ്ങടെ മറ്റവളെ അല്ലേ. എനിക്കപ്പോഴേ അറിയാം. അവളു നിങ്ങളെ കാണാൻ വന്നിരിക്കുമെന്നും ആശ്വസിപ്പിച്ചു കാണുമെന്നും”

മേരി ഭദ്രകാളി ആവുന്നത് അവന് പുതുമയുള്ള കാഴ്ച ആയിരുന്നില്ല

” ഓരോ അവളുമാരിറങ്ങിത്തിരിക്കും കുടുംബം നശിപ്പിക്കാനായി . അതിനൊത്ത കുറെ പോങ്ങമ്മാരും. എനിക്കെന്തോ കുറവുണ്ടായിട്ടാ നിങ്ങളവളെ വെച്ചോണ്ടിരിക്കുന്നെ . ഇന്നൊരു തീരുമാനം ഉണ്ടാക്കണം. ഞാൻ വേണോ അവളു വേണോ എന്ന്”

” എനിക്കു പണത്തിന് ഇത്തിരി ആവശ്യമുണ്ടായി. ആവശ്യം നിനക്കും അറിയാവുന്നതാണല്ലോ . അവളെനിക്കു തന്നു സഹായിച്ചു’

അവൻ തന്റെ സത്യാവസ്ഥ അവളെ പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചു.

” നിങ്ങടെ തന്ത വയ്യാതെ കിടക്കുകയാണെന്നും ചാവുമ്പം പണം ആവശ്യമുണ്ടെന്നും നിങ്ങൾക്കറിയാൻ വയ്യായിരുന്നോ. അയ്യേ തന്തേന്ന് പറയാൻ വയ്യല്ലോ. ബാക്കി എന്നെക്കൊണ്ടൊന്നും പറയിക്കല്ല് ‘

അവൾ നിന്നുറഞ്ഞു തുള്ളി

” നീ വിചാരിച്ചാലും എന്നെ സഹായിക്കാമായിരുന്നല്ലോ. എന്റെ ആവശ്യങ്ങൾ ഒരിക്കലും നിന്റേതായിരുന്നില്ലല്ലോ’.

അവൻ അവളിലേക്ക് കുറ്റങ്ങൾ ചാരി.

” നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ എന്റെ അച്ഛൻ എനിക്കു തന്ന പണത്തിന്റെ കണക്കു ചോദിക്കാൻ. തന്നേച്ചാലും മതി. നിങ്ങടെ ആവശ്യങ്ങൾക്ക് ഞാനെടുത്തു തന്നാൽ എന്റെ കൊച്ചിന്റെ ആവശ്യങ്ങൾക്ക് ഞാനെങ്ങോട്ടു പോകും. ദൈവമേ! ഇങ്ങനെയൊരു കൊഞ്ഞാളനെ ആണല്ലോ എനിക്കു കിട്ടിയത് ‘

” മേരീ നീ ഒന്നു മിണ്ടാതിരി ഇതൊരു ചാക്കാലവീടാ “

അവനവളെ അനുനയിപ്പിക്കാൻ നോക്കി.

” എന്റെ ഒരു തലവിധി ” തലയിൽ കൈ വെച്ചു പ്‌രാകി പോകുന്ന മേരിയെ നോക്കി അവൻ ദീർഘ നിശ്വാസം വിട്ടു.

” പപ്പാ, അപ്പുറത്തെ ജയാന്റിയാ മമ്മയോട് പറഞ്ഞു കൊടുത്തെ “മകൾ വന്ന് ചെവിയിൽ അടക്കം പറഞ്ഞു. അവനു കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായി.

സദാചാരത്തിന്റെ നൂലിഴകൾ കൊണ്ട് ബന്ധിച്ചിട്ടുണ്ടെങ്കിലും താനും മേരിയും എത്ര അകലങ്ങളിലാണെന്ന് അവൻ മനസ്സിലായി. ഒരിക്കൽ പോലും തന്നെ മനസ്സിലാക്കാനവൾ ശ്രമിച്ചിട്ടില്ല . എപ്പോഴും അവളുടെ ശരികളിലൂടെ നീങ്ങിയപ്പോൾ നഷ്ടപ്പെടുത്തിയ വർഷങ്ങളെക്കുറിച്ചാലോചിച്ചപ്പോൾ സങ്കടം തോന്നി. അത്താഴം കഴിഞ്ഞ് ഒറ്റക്കു കിടന്നപ്പോൾ ഉറക്കം എത്ര അകലെയാണന്നവൻ അറിഞ്ഞു. നനഞ്ഞ ചാക്കുപോലെ നെഞ്ചിലെ ദുഃഖം ഭാരം പൂണ്ടു കിടന്നു. ചിന്തകളെ മാറ്റിമറിക്കാനവൻ ശ്രമിച്ചു. കൗതുക കരമായ ഓർമ്മകളെ മനസ്സിലേക്കാവഹിച്ചു. കുട്ടിക്കാലത്ത് താനും സാലിയുമൊത്ത് തോർത്തു വെച്ച് മീൻ പിടിക്കാൻ പോയതും വൈകുന്നേരങ്ങളിൽ പപ്പയോടൊപ്പം വാഴത്തോട്ടത്തിനു വെള്ളം നനയ്ക്കാൻ പോകുന്നതും ഇരുട്ടു വീണ സന്ധ്യാസമയത്ത് കുളത്തിന്റെ ഓരോ പൊത്തുകളിൽ നിന്നും ഓരോ പുളവൻമാർ വളഞ്ഞു നിന്നു അത്തപ്പൂക്കളം സൃഷ്ടിച്ചതും പേടി കൊണ്ട് ഓടിപ്പോയതുമെല്ലാം അവന്റെ ഓർമ്മകളിലേക്കു വീണു. പുസ്തകസഞ്ചിയുമെടുത്ത് സാലിയുമൊത്ത് സ്കൂളിലേക്ക് പോകുകയാണെന്നവൻ സങ്കല്പിച്ചു നോക്കി. രാത്രിയുടെ ഏതോ യാമങ്ങളിൽ അവൻ ഉറങ്ങിപ്പോയി.

രാവിലെ ഉണർന്നയുടൻ തന്നെ ഫോണെടുത്ത് വാട്ട് സാപ്പിൽ വന്ന സന്ദേശങ്ങൾ അവൻ പരതി നോക്കി , ശുഭ ദിനം നേർന്നു കൊണ്ട് സാലി ഇട്ട സന്ദേശം കണ്ടു. പപ്പയുടെ മരണാനന്തരച്ചടങ്ങുകളുടെ വീഡിയോ കണ്ട സഹോദരിയുടെ മറുപടി അവനെ ആകർഷിച്ചു.

” എല്ലാം മംഗളമാക്കിയതിൽ നിനക്കു പ്രത്യേക നന്ദി “

നന്ദി പറയുന്നതിലും കാര്യം സാധിക്കുന്നതിലും ചേച്ചി പണ്ടേ സമർത്ഥയാണെന്നവന് അറിയാമായിരുന്നു. സ്വത്തു ഭാഗം വെക്കുന്ന കാര്യം വന്നപ്പോൾ അനാഥപ്പയ്യനാണെന്ന കാര്യം ഓർമ്മപ്പെടുത്തി പപ്പയുടെ എല്ലാ സ്വത്തുവകകളും കൈവശപ്പെടുത്തിയ ചേച്ചി തന്റെ ജീവിതത്തിൽ ആരുമായിരുന്നില്ലെന്ന ചിന്ത അവനെ നൊമ്പരപ്പെടുത്തി. ഒരു സങ്കടക്കടൽ മനസ്സിലാവഹിക്കുന്നതിനാൽ തലയ്ക്കു വല്ലാത്ത മരവിപ്പു തോന്നി. ചായ കുടികഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ മേരി ഓർമ്മിപ്പിച്ചു.

” ഇന്ന് രണ്ടിലൊന്നു തീരുമാനം അറിയണം അവളു വേണോ ഞാൻ വേണോ എന്ന് ‘

സ്കൂട്ടറുമെടുത്ത് അവൻ ജോലി ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് പോകുമ്പോൾ അവൻ രണ്ടു പേരെയും ത്രാസിലിട്ട് അളക്കാൻ ആരംഭിച്ചു. നിരവധി കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ സാലിയെ ഒഴിവാക്കാമെന്നുവെച്ചു. ഓഫീസിൽ രണ്ടു ദിവസത്തെ ലീവു പറഞ്ഞ് വീട്ടിലേക്ക് തിരികെ വന്നപ്പോൾ വീട്ടിൽ അതിഥികൾ പലരുമുണ്ടെന്നു കണ്ടു. മരണത്തിനെത്താൻ പറ്റിയില്ലെന്ന വ്യാജ സ്നേഹം പൊഴിക്കുന്ന അവരുടെ വാക്കുകളിൽ അവനും പങ്കു ചേർന്നു. ഉച്ച ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്ന ഇടവേളയിൽ ” നിങ്ങളെന്തു തീരുമാനിച്ചു ” ? എന്ന ചോദ്യവുമായി മേരി മുന്നിൽ വന്നു നിന്നു.

” നിന്റെ ഇഷ്ടം എന്തോ അത് “ഉത്തരം അർത്ഥോക്തിയിൽ നിർത്തി.

” എങ്കിൽ നിങ്ങൾ ഫോണിൽ നിന്നും അവളുടെ കോൺടാക്ട് നംപർ ഒഴിവാക്കണം “

മേരിയുടെ ആവശ്യങ്ങളുടെ പട്ടിക നീണ്ടപ്പോൾ ജോയിക്ക് ചിരി വന്നു.

” ഫോണിൽ നിന്നുള്ള നമ്പറുകൾ ഒഴിവാക്കാം. മനസ്സിൽ നിന്നുള്ളവയോ “

അവൻ ആത്മഗതമോതി.

രണ്ടു ദിവസത്തെ അവധിക്കു ശേഷം ജോലി സ്ഥലത്ത് ചെന്നപ്പോൾ പതിവില്ലാത്ത ആൾക്കൂട്ടം കണ്ടു. തങ്ങൾക്കു കിട്ടേണ്ട പലിശ കിട്ടാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ പലരും അവനോടു തട്ടിക്കയറാൻ തുടങ്ങി. തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനാകാതെ അവൻ കുഴങ്ങി. പോലീസിന്റെ സഹായത്തോടെ സ്ഥാപനം അടച്ച് വീട്ടിലെത്തിയപ്പോൾ ഉറഞ്ഞു തുള്ളുന്ന മേരിയെ ആണ് കണ്ടത്.

” എനിക്കപ്പോഴേ അറിയാം. നിങ്ങളെക്കൊണ്ട് ഇതൊക്കെയേ സാധിക്കൂ എന്ന് . എന്റെ അപ്പന്റെ ജീവന്റെ വിലയാണ് നിങ്ങളിട്ട് കളിച്ചത്. എന്റെ അപ്പൻ നന്നായി ജീവിച്ചിട്ടുണ്ടാക്കിയ പണമായിരുന്നില്ല അത്. നിങ്ങളെ വിശ്വസിച്ചാ ഞാൻ അതിൽ ഇട്ടത് ”

അവന് മറുപടി പറയാൻ വാക്കുകളില്ലായിരുന്നു. കാരണം അവളുടെ അപ്പന്റെ കഷ്ടപ്പാടുകളെക്കുറിച്ചും തന്നെ വിശ്വസിച്ച് നിക്ഷേപിച്ച പണത്തെക്കുറിച്ചും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മൂലധനവുമായി മുതലാളി മുങ്ങിയ വാർത്തയെക്കുറിച്ചും അവന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ട അവന് ജീവിതം തന്നെ ചോദ്യചിഹ്നമായിനിന്നു .

നിർത്താതെയുള്ള ഫോൺ വിളികൾ നിക്ഷേപകരുടെ ഭാഗത്തു നിന്നു വന്നുകൊണ്ടിരുന്നപ്പോൾ അവൻ ഫോൺ കോളുകൾ കട്ടു ചെയ്തു കൊണ്ട് സാലിയുടെ ഫോൺ നമ്പർ മനസ്സിൽ നിന്നും പരതിക്കൊണ്ടിരുന്നു.

ശുഭം

Leave a comment