പ്രണയം അതിന്റെ ഉച്ചസ്ഥായിയിൽ നില്ക്കുന്ന അവസ്ഥയിലാണ് ദേവിക ഹരിയുമായി ഒളിച്ചോടാൻ തീരുമാനിച്ചത്. നേരത്തെ പറഞ്ഞുറപ്പിച്ചതിൻ പ്രകാരം രജിസ്റ്റർ വിവാഹം കഴിഞ്ഞ് ഹരിയുടെ വീട്ടിലെത്തി. അവളുടെ വീടും പരിസരവുമായി തുലോം വ്യത്യസ്തമായിരുന്നെങ്കിലും എല്ലാ കുറവുകളേയും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ ദേവികയിൽ സംജാതമായിരുന്നു. ജീവിതം പുലർന്നു പോകാനുള്ള ഒരു സർക്കാർ ജോലി ഉണ്ടെന്നുള്ളതു മാത്രമായിരുന്നു ആകെയുള്ള ആശ്വാസം. വിവാഹം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഒരു നല്ല വീട്ടമ്മയാകാനുള്ള തീരുമാനം എടുത്തതിന്റെ മുന്നോടിയായി നാട്ടിൻ പുറത്തെ സ്ത്രീകൾ കരുതുന്ന മുറ്റമടിക്കൽ പ്രക്രീയ നടന്നുകൊണ്ടിരിക്കുമ്പോഴാണ് അച്ഛനും ചേട്ടനായ വിഷുവും കൂടി അവളെ തിരക്കി വന്നത്. അവരെ കണ്ടപ്പോൾ തന്നെ പാതി പ്രാണൻ പോയ അവസ്ഥയിൽ വീട്ടിലേക്കു ഓടിക്കയറിയതും അമ്മയും ഹരിയും കൂടി ഇറങ്ങി വന്നതും ഒന്നിച്ചായിരുന്നു.
“ഡി നിക്കെടി” എന്ന ക്രോധം പൂണ്ട വിളി വിഷുവിൽ നിന്നും ഉയർന്നു. ഓടി വന്നു ഹരിയുടെ പിറകിൽ ഒളിച്ചപ്പോൾ മാത്രമാണ് അവൾക്കു സമാധാനമായത്.
അച്ഛൻ മകളെ കണ്ടപ്പോൾ കണ്ണുനീർ പൊഴിച്ചു .അച്ഛൻ ജീവിതത്തിലാദ്യമായി കരയുന്നത് അവൾ കണ്ടു.
” മോളെ .. വാ …ഞങ്ങൾക്കൊപ്പം വാ … മോൾക്കൊരബദ്ധം പറ്റിയതാണെന്നു കരുതിയാൽ മതി ” .
അച്ഛന്റെ വാക്കുകളിലെ നിസ്സഹായത മനസ്സിലാക്കാനായി എങ്കിലും ദേവിക പറഞ്ഞു.
” അച്ഛാ … എനിക്കു വരാനാകില്ല. അച്ഛനെന്നോടു ക്ഷമിക്കണം. ഞാൻ അത്ര ഹരിയേട്ടനുമായി അടുത്തു. “
അച്ഛൻ തുടർന്നു.
” ഹരിയെ ഇഷ്ടമാണെങ്കിൽ നിനക്കു കെട്ടിച്ചു തരാം. പക്ഷെ ..ഇപ്പോ വേണ്ട. ഇപ്പോൾ നിന്റെ പഠിത്തമാണ് വലുത്. ഇപ്പോളൊരു കല്യാണം നിന്റെ വിദ്യാഭ്യാസത്തെ ബാധിക്കും. നിനക്ക് ഒരു പാട് ഭാവിയുള്ള കുട്ടിയാ. എന്റെ മോള് ഞാൻ പറയുന്ന കേക്ക് ”
” അച്ഛൻ അത് ആലോചിച്ചു വിഷമിക്കേണ്ട .ഞാൻ അവളെ തുടർന്നു പഠിപ്പിച്ചോളാം ” ഹരി പറഞ്ഞു.
” അത് ശരിയാകില്ല. ഇവിടെ നിന്നുള്ള പഠിത്തം. എന്റെ കുട്ടിക്ക് ഒരു ഭാവിയുള്ളതാ. ഡിഗ്രി പൂർത്തിയായതു പോലുമില്ല. എന്റെ മോള് എന്നോടൊപ്പം വരണം ” അച്ഛൻ നിർബന്ധം പിടിച്ചു.
” അല്ലേ ഇതെന്തു കൂത്താ. കല്യാണം കഴിഞ്ഞ പെണ്ണ് അത് അതിന്റെ വീട്ടിലല്ല്യോ നില്ക്കേണ്ടത്. നിങ്ങളെന്താപ്പാ ഈ പറയുന്നത് ” . നാട്ടുകാരെല്ലാം എളിമയോട് സംസാരിക്കുന്ന അച്ഛനോട് ഹരിയുടെ അമ്മയുടെ ധാർഷ്ട്യം നിറഞ്ഞ സംഭാഷണം അവളിൽ ദുഃഖം ഉളവാക്കി.
“മോളെ .. നീ എന്നോടൊപ്പം വന്നേ പറ്റൂ. നിനക്കിപ്പോൾ ഈ ബന്ധം ശരിയാകില്ല. “
“ഇല്ലച്ഛാ … ഹരിയേട്ടനില്ലാതെ പറ്റില്ല”
അവളുടെ മറുപടി വിഷുവിനെ രോഷാകുലനാക്കി.
” നീ അനുഭവിക്കുമെടീ… ഇതിന് നീ അനുഭവിക്കും മനസ്സിൽ വെച്ചോ “.
ദുഃഖിതനായി തിരികെ പോകുന്ന അച്ഛന്റേയും ക്രോധാകുലനായ വിഷുവിന്റേയും മുഖങ്ങൾ തീരാ ദുഃഖമായി അവളിൽ ശേഷിച്ചു.
യാത്രകൾ ഹരമായിരുന്ന ദേവിക ധാരാളം മധുവിധു യാത്രകൾ സ്വപ്നം കണ്ടിരുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഒരു പൊൻമുടിയാത്രയിൽ മാത്രം ഒതുക്കേണ്ടി വന്നു അവരുടെ മധുവിധു യാത്ര .
മധുവിധുവിന്റെ ചൂടാറുംമുമ്പേ ബന്ധുക്കളും അയൽക്കാരും ചോദിച്ചു തുടങ്ങി.
” വിശേഷം വല്ലതുമുണ്ടോ?’.
അവരുടെ ചോദ്യങ്ങൾക്ക് തിരശ്ശീലയിടാനുള്ള മറുപടിയുമായി. ദേവികയുടെ തുടർ പഠനത്തിന് വിഘാതമായുള്ള ഈ ‘വിശേഷം ‘ അവളിൽ മാനസികപ്രയാസങ്ങൾ സൃഷ്ടിച്ചു. ഹരി അവളെ ആശ്വസിപ്പിച്ചും .
” സാരമില്ല, ഒരു വർഷത്തെ തടസ്സമേ വരൂ. അടുത്ത വർഷം കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചിട്ട് നിനക്ക് പഠിക്കാൻ പോകാം”
സ്വച്ഛന്ദമായി ഒഴുകുന്ന പുഴ പോലെയായിരുന്നു ആദ്യ ദിവസങ്ങളിലെ ജീവിതം. പിന്നീട് എവിടെയൊക്കെയോ കല്ലുകൾ തടസ്സമായി നിന്നു. വിവാഹത്തിനു തൊട്ടു മുന്നേ മാത്രമായിരുന്നു വീട്ടിനടുത്തേക്ക് ഹരിക്ക് സ്ഥലം മാറ്റം കിട്ടിയത്. എപ്പോഴും മൊബൈൽ ഫോണിൽ കൂനിക്കൂടിയിരിക്കുന്ന ഹരിയുടെ സ്വഭാവം ദേവികയിൽ വല്ലാത്ത അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു. ഫോണിന് ഇത്ര കൗതുകമോ എന്ന ആശങ്ക അവളിൽകൂടിക്കൂടി വന്നു. രാവിലെ കുളിക്കാനായി ഹരി പോയപ്പോൾ അവളിലെ ജിജ്ഞാസ കൂടി. കൈവിരൽ തുമ്പിൽ മായാലോകം സൃഷ്ടിക്കുന്ന ആ കൗതുക വസ്തുവിനെ അവൾ തോണ്ടി. അതിൽ മിന്നിമറയുന്ന വസ്തുതകൾ കണ്ട് അവൾ ഞെട്ടി. തെരുവിലെ മലിന സാഹിത്യവും അശ്ലീല ചിത്രങ്ങളും നിറഞ്ഞ ചെറിയ ചതുരപ്പെട്ടി .അതിൽ തെളിഞ്ഞു വന്ന ഒരു സന്ദേശത്തിൽ അവളുടെ കണ്ണുകൾ ഉടക്കി.
“എന്താണ് മെസ്സേജ് അയക്കാത്തത് ? നാട്ടിൽ വിശേഷം വല്ലതുമുണ്ടോ? നിന്റെ വരവിനായി ഞാൻ കാത്തിരിക്കുന്നു ” സന്ദേശം അയച്ചിരിക്കുന്ന അശ്വതിയേയും ഒപ്പമുള്ള ചുംബന മുദ്രയും കണ്ടു ഞെട്ടി. ഞെട്ടലിന്റെ ആഘാതത്തിലിരിക്കവേ തന്നെ ഹരി വന്നു കയറി.
” നീ എന്തിനെന്റെ ഫോണെടുത്തു. ഫോണെന്ന് പറയുന്നത് ഒരാളുടെ സ്വകാര്യതയാണ്. മറ്റൊരാളുടെ സ്വകാര്യതയിൽ കയറാനുള്ള അവകാശം ആർക്കുമില്ല. നിനക്കെന്താ ഇത്ര ബോധമില്ലാത്തത്. അതെങ്ങനാ ലോകവിവരമില്ല. കാണാപ്പാഠം പഠിച്ച് ഡിഗ്രി വരെയെത്തി. നാലാം ക്ലാസിന്റെ വിവരം പോലുമില്ല ” .
അവൾ മരവിച്ചിരുന്നു പോയി. ആ വാക്കുകൾ സൃഷ്ടിച്ച ആത്മനിന്ദ കൊണ്ട് ശരീരമാകെ മൂടി. ഹരിയുടെ അധിക്ഷേപ വാക്കുകളേക്കാൾ ഭീകരമായിരുന്നു ഫോണിൽ കണ്ട ദൃശ്യങ്ങൾ. ഭർത്താവ് എന്നാൽ ഏറ്റവും നല്ല സുഹൃത്താകണം , മന:സാക്ഷി സൂക്ഷിപ്പുകാരൻ ആകണം എന്നൊക്കെയുള്ള വിശ്വാസങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്നടിയുന്നത് അവളറിഞ്ഞു. ഭാര്യ ഭർത്താവിന്റെ മറുപകുതി ആണെന്നു വിശ്വസിക്കുന്ന അച്ഛനെ കണ്ടാണ് ദേവിക വളർന്നത്. അന്ന് ജോലി കഴിഞ്ഞ് ഹരി വന്നപ്പോൾ അവൾക്കായി കരുതിയ കവർ ഏല്പിക്കുമ്പോൾ പ്രത്യേക ഭാവമാറ്റങ്ങളൊന്നും ഹരിയിൽ കണ്ടില്ല അവളുടെ മുഖം വീർപ്പിക്കൽ കണ്ട് അവളെ ചേർത്തുപിടിച്ചു കൊണ്ടു പറഞ്ഞു
” നീ എന്റെ പൊന്നല്ലേ . എനിക്ക് ഇണങ്ങാനും പിണങ്ങാനും നീയല്ലാതെ വേറെ ആര്? നിന്നെപ്പോലൊരു സുന്ദരി വീട്ടിലുള്ളപ്പോ ഞാനെന്തിനു വേറൊരുത്തീടെ പിറകെ പോകണം. സാരി ഇഷ്ടപ്പെട്ടോന്ന് നോക്ക്. ഇന്ന് ഒരാൾ ഓഫീസിൽ കൊണ്ടുവന്നതാ. പിങ്കു നിറം നിനക്കു നന്നായി ചേരും. കണ്ടപ്പോൾ വാങ്ങാൻ തോന്നി.”
അതേ മുഖം വീർപ്പിക്കലിൽ തന്നെ അവൾ ചോദിച്ചു.
“അപ്പോൾ അശ്വതി അയച്ച മെസ്സേജോ ? ” അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു.
” അതോ, അശ്വതിയല്ലെടീ .. അശ്വിൻ ആ .. അശ്വതി എന്ന് അവന്റെ ഇരട്ടപ്പേരാ.. എന്റെ കല്യാണം അവനറിഞ്ഞില്ല. അവൻ തമാശയ്ക്ക് ഇട്ടതാ. നീ ഈ പറയുന്ന അശ്വതിയുമായി എനിക്ക് ബന്ധമുണ്ടായിരുന്നെങ്കിൽ എന്റെ കല്യാണക്കാര്യം അവളറിയില്ലേ. നീ ഒരു മണ്ടി തന്നെ ” .
ആകാംക്ഷാഭരിതയായി അവൾ ചോദിച്ചു.
” അപ്പോൾ അതിൽ കണ്ട വീഡിയോസോ ?”
” അത് ഏതെങ്കിലും വിവരമില്ലാത്തവൻ മാർ വാട്ട്സ് ആപ്പിൽ സെന്റ് ചെയ്യുന്നതാ. ഞങ്ങളുടെ ഓഫീസിൽ കുറെ ഗ്രൂപ്പ് ഉള്ളത് നിനക്കറിയില്ലെ? അവൻമാർക്കിതു തന്നെ പണി. ഞാൻ ഇതൊന്നും കാണാറില്ല”.
ദുഃഖങ്ങൾ അപ്പൂപ്പൻ താടി പോലെ പറന്നകന്നു. കാർമേഘവും കോളും മാറി കാറ്റും വെളിച്ചവും വന്നു. മധു വിധുവിന്റെ മണം മാറും മുമ്പേ അമ്മയാകാനുള്ള തയ്യാറെടുപ്പുകൾ അവളിൽ എത്തിയിരുന്നു. ശാരീരികാസ്വാസ്ഥ്യങ്ങൾ ഏറെ ഉണ്ടായിരുന്നെങ്കിലും ആ വേദനക്കുള്ളിലെ മധുരം അവൾ ആസ്വദിച്ചിരുന്നു. പുതിയ അതിഥിയുടെ സുരക്ഷയ്ക്കായുള്ള രണ്ടു വാക്സിനേഷനുകളും രണ്ടു സ്കാനിങ്‌ടെസ്റ്റുകളും നടത്തി. ഡോക്ടർ പറഞ്ഞതിൻ പ്രകാരം കാൽസ്യത്തിന്റേയും ഇരുമ്പിന്റേയും ഗുളികകളും കഴിച്ചു തുടങ്ങി .ശരീരത്തിലുണ്ടാകുന്ന ഓരോ വ്യതിയാനങ്ങളേയും അത്ഭുതത്തോടെ നോക്കി കണ്ടു. ഗർഭത്തിന്റെ ആറു മാസം കഴിഞ്ഞ വേളയിൽ രക്തത്തിന്റെ എല്ലാ ടെസ്റ്റുകളും നടത്തണമെന്ന് ഡോക്ടർ പറഞ്ഞു. ഏലീസാ ടെസ്റ്റ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ടെസ്റ്റുകൾ നടത്താനായി ഹരിയേയും കൂട്ടി ആശുപത്രിയിലെത്തി. ടെസ്റ്റിനായുള്ള രക്തം കൊടുത്ത് കാത്തിരുന്നു. ഫലമറിയാൻ വൈകുമെന്നതിനാൽ ഹരി ഓഫീസിലേക്കു പോയി. അവൾക്കുശേഷം വന്നവർ പോലും ഫലവുമായി പോകുന്നതു കണ്ടപ്പോൾ വിഷമം തോന്നി. അവളുടെ പേരു വിളിച്ചപ്പോൾ പന്ത്രണ്ടു മണി കഴിഞ്ഞു. ഫലം കയ്യിൽ ഏല്പിച്ച ശേഷം രക്തപരിശോധകൻ ചോദിച്ചു
” നിങ്ങൾ ആരുടെയെങ്കിലും രക്തം സ്വീകരിച്ചിട്ടുണ്ടോ ?”
“ഇല്ല ” എന്ന അവളുടെ മറുപടിയിൽ അയാൾ തൃപ്തനായില്ല.
“ആലോചിച്ചു നോക്കൂ. എന്തായാലും നിങ്ങൾ ഡോക്ടറെ കണ്ടിട്ടേ പോകൂ” രക്ത പരിശോധനയുടെ ഫലവുമായി അവൾ ഡോക്ടറെ കാണാൻ ചെന്നു. വളരെ സൗമ്യയായ യൗവനം പിന്നിട്ട ഒരു സ്ത്രീ . വെളുത്തു മെലിഞ്ഞ നീണ്ട മൂക്കുള്ള ആ സ്ത്രീ ബോളിവുഡ് സിനിമാ നടി മനീഷ കൊയ്രാളയെ ഓർമ്മിപ്പിച്ചു. പൊൻമാൻ നീലസാരിയിൽ അവർ ഏറെ സുന്ദരിയായിരുന്നു.
” ഇരിക്കൂ ” എന്ന് പറഞ്ഞ ശേഷം അവർ അവളുടെ കയ്യിലിരുന്ന ഫലം വാങ്ങി പരിശോധിച്ചു. ദേവിക അവരുടെ മുഖത്ത് മറയുന്ന ഭാവഭേദങ്ങൾ ശ്രദ്ധിച്ചു.
” കൂടെ ആരുമില്ലേ. ഒറ്റയ്ക്കാണോ വന്നത്”
ഡോക്ടർ ചോദിച്ചു.
“ഹസ്ബന്റ് ഉണ്ടായിരുന്നു. ഇവിടെ താമസം ഉണ്ടെന്ന് കണ്ടപ്പോൾ ജോലിക്കു പോയി “
അവളുടെ മറുപടി ശ്രദ്ധിക്കാത്ത ഭാവത്തിൽ ഡോക്ടർ പറഞ്ഞു.
“ആശുപത്രിയിലൊക്കെ വരുമ്പോൾ ആരെയെങ്കിലും കൂടെ കൂട്ടണ്ടേ. പ്രത്യേകിച്ചും നിങ്ങളുടെ ഈ അവസ്ഥയിൽ “ഡോക്ടറുടെ മറുപടിയിൽ വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു.
“നിങ്ങൾ വളരെ ആത്മ സംയമനം കൈവരിക്കേണ്ട വിഷയമാണ് ഞാൻ പറയാൻ പോകുന്നത്. പ്രത്യേകിച്ച് നിങ്ങളുടെ ഈ അവസ്ഥയിൽ ഞാൻ പറയാൻ പാടില്ലാത്തതാണ്. കൂടെ ആരുമില്ലാത്തതിനാൽ എനിക്കു വേറെ നിർവാഹമില്ല ” .
അവളുടെ കണ്ണുകളിലേക്ക് നോക്കി ഡോക്ടർ തുടർന്നു.
” നിങ്ങളുടെ എച്ച്.ഐ.വി. റിസൾട്ട് പോസിറ്റീവ് ആണ്. എച്ച്.ഐ.വി. എന്താണെന്ന് അറിയാമല്ലോ. ഇത്ര ചെറുപ്രായത്തിൽ നിങ്ങൾക്കെങ്ങനെ കിട്ടി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഏതെല്ലാം വഴിയാണ് കിട്ടുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. എന്തായാലും നിങ്ങളുടെ ഭർത്താവിന്റെയും ബ്ലഡ് ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഈ ഒരവസ്ഥയിൽ നിങ്ങൾക്ക് മരുന്നു തരാനാകില്ല. മരുന്നു തന്നാൽ കുഞ്ഞിനെ ബാധിക്കും “
ഒരു നിമിഷ നേരത്തേക്ക് അവളുടെ മനസ്സും ശരീരവും വിറ പൂണ്ടു .തന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നോ . കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി പ്രവഹിച്ചു. നനഞ്ഞ ചാക്കു പോലെ അവളുടെ നെഞ്ചിൽ ദുഃഖം തളം കെട്ടി. ഡോക്ടർ എഴുനേറ്റു വന്നു അവളുടെ ശിരസ്സിൽ തലോടി.
” നിങ്ങൾ ഒരു അമ്മയാവാൻ പോവുകയാണ്. യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാനുള്ള മനസ്സു വേണം. പ്രസവം കഴിഞ്ഞാൽ കുഞ്ഞിന് അസുഖം ഉണ്ടാവണമെന്നില്ല. ആയതിനാൽ ജനിച്ച ഉടൻ തന്നെ പാലൂട്ടുന്നതിനു മുന്നേ കുഞ്ഞിന്റെ ബ്ലഡ് ടെസ്റ്റ് നടത്തണം. കുഞ്ഞിന് അസുഖം ഇല്ല എങ്കിൽ നിങ്ങൾ പാലു നൽകരുത്. അമ്മയിൽ നിന്നും കുഞ്ഞിലേക്ക് അസുഖം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഡീപ്പ് ആയ ഒരു ബന്ധവും നിങ്ങൾക്ക് കുഞ്ഞിനോട് ഉണ്ടാകാൻ പാടില്ല. ഉദാഹരണമായി ചുംബനം നൽകുമ്പോൾ നിങ്ങളുടെ തുപ്പൽ കുഞ്ഞിന്റെ ചുണ്ടിൽ തൊട്ടാലും അസുഖം വരാനുള്ള സാധ്യതയുണ്ട് “
പിന്നെ പറഞ്ഞതൊന്നും അവൾക്കുൾക്കൊള്ളാനായില്ല. ചേമ്പിലയിൽ വീണ വെള്ളം പോലെ എല്ലാം ചിതറിത്തെറിച്ചു പോയി. രക്ത പരിശോധനയുടെ ഫലവുമായി പുറത്തിറങ്ങി. എവിടെ പോകണം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. എന്തു പ്രതീക്ഷകൾ … എന്തു മോഹങ്ങൾ … എല്ലാത്തിനും മങ്ങലേറ്റിരിക്കുന്നു. റോഡരുകിൽ നില്ക്കുന്ന മരത്തണലിലൂടെ അവൾ നടന്നു. പട്ടണത്തിലെ കൊടിയ ചൂടിലും തണുപ്പേകാൻ കഴിയുന്ന മരങ്ങൾ. ഗുൽമോഹറിന്റെ പൂക്കൾ നിലത്തുവീണു കിടക്കുന്നു. ഭൂമിയുടെ ദുഃഖമാകാം പൂക്കളായി നിപതിച്ചിരിക്കുന്നത്. തനിക്ക് അല്പം ഏകാന്തത ആവശ്യമാണെന്ന് അവൾക്കു തോന്നി. ഹരിയുമൊത്തു അവധി ദിവസങ്ങൾ ചെലവഴിക്കാറുള്ള പാർക്കിന്റെ വാതായനങ്ങൾ കണ്ടു. പ്രവേശനടിക്കറ്റ് എടുത്ത് അകത്തു പ്രവേശിച്ചു. പൊരി വെയിലത്തും കുട്ടികൾ സൈക്കിൾ ചവിട്ടുന്നതു കണ്ടു. രണ്ടു വശത്തും പുൽവിരിച്ചതിന്റെ നടുവിലൂടെ പോകുന്ന സിമന്റു പാതകൾ. ചുറ്റും തണൽ വീശി നിൽക്കുന്ന മരത്തിന്റെ ചുവട്ടിലെ ബെഞ്ചിലവൾ ഇരുന്നു. മൊബൈൽ ഫോൺ എടുത്തു സമയം നോക്കി. ഒന്ന് നാൽപ്പത്തഞ്ച് . പെട്ടെന്ന് അവളോർത്തു. ഇതുവരെയായിട്ടും ഹരി വിളിച്ചിട്ടില്ല. ഹരിയോടൊപ്പം രാവിലെ എട്ട് മുപ്പതിന് വന്നതാണാശുപത്രിയിൽ. ആശുപത്രിയിലാണെന്നതിനാൽ വിളിക്കേണ്ടതാണ്. അവളുടെ ഉള്ളിലെ വിവേക ബുദ്ധി പ്രവർത്തിച്ചു തുടങ്ങി. തനിക്കെങ്ങനെ ഈ അസുഖം വരും. ഹരിയോടല്ലാതെ മറ്റാരുമായും ശാരീരിക ബന്ധം പുലർത്തിയിട്ടില്ല. ഇതുവരെ പറയത്തക്ക അസുഖങ്ങളോ രക്ത സ്വീകരണമോ ഒന്നും ഉണ്ടായിട്ടില്ല. ഒരു കഷായത്തിലോ രണ്ടു പാരസെറ്റമോളി ലോ ഒതുക്കുന്ന പനികൾ മാത്രം. എന്നാൽ ഹരി രണ്ടു തവണ ഗുളിക കഴിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒരിക്കൽ മുറ്റത്തു നിന്നു കിട്ടിയ ഗുളികയുടെ സ്ട്രിപ്പും ഓർമ്മയിൽ വന്നു. അതിലെല്ലാം പതിയിരിക്കുന്ന അപകടങ്ങൾ മണക്കുന്നുണ്ടോ? അന്ന് ഫോണിൽ കണ്ട സന്ദേശങ്ങളും അശ്ലീല ചിത്രങ്ങളും ഓർമ്മയിൽ വന്നു. ആട്ടിൻ തോലിട്ട ചെന്നായയാണോ ഹരി ?. എന്തായാലും അവൾക്കീ വിവരം ആരോടും പറയാൻ വയ്യ. ആരുടേയും സഹതാപമാർന്ന മുഖം കാണാൻ വയ്യ. ഈ ഒരസുഖം വന്നാൽ പേപ്പട്ടിയെ തല്ലി ഓടിക്കുന്ന പോലെ എല്ലാവരാലും അകറ്റി നിർത്തപ്പെടും. ആഹാരം കഴിച്ചിട്ട് മണിക്കൂറുകളായി. എന്നിട്ടും വിശപ്പു തോന്നുന്നില്ല. തന്റെ ഉദരത്തിൽ വഹിക്കുന്ന ജീവന് വിശക്കില്ലേ ? പാർക്കിനുള്ളിൽ തന്നെയുള്ള ഒരു കടയിൽ കയറി ഒരു ഷാർജാ ജ്യൂസും മുട്ട പബ്സും കഴിച്ചു. സമയം രണ്ട് മുപ്പത്. ആരുടേയും അന്വേഷണം ഉണ്ടായിട്ടില്ല. ഹരിയുടെ അമ്മയിൽ നിന്നും ഒരു അന്വേഷണം പ്രതീക്ഷിക്കേണ്ട . കലങ്ങിയ കണ്ണിന്റേയോ ഒട്ടിയ വയറിന്റേയോ കാരണങ്ങളൊന്നും ആ അമ്മ ചികഞ്ഞിട്ടില്ല. ഒരു അമ്മ എങ്ങനെയൊക്കെ ആകരുത് എന്നതിന്റെ ഉദാഹരണമായിരുന്നു ഹരിയുടെ അമ്മ .കൃത്യം നാലു മണിയായപ്പോൾ അവൾ വീട്ടിൽ ചെന്നു. കോളേജിൽ നിന്നും വരാൻ വൈകുമ്പോൾ ഗേറ്റിൽ പിടിച്ചു നിൽക്കുന്ന അമ്മയുടെ മുഖത്തു കാണുന്ന ഉത്കണ്ഠയൊന്നും ഹരിയുടെ അമ്മയുടെ മുഖത്ത് കണ്ടില്ല. കുറെ വെള്ളം കുടിച്ച് വസ്ത്രം മാറി കിടക്കയിലേക്കു വീണു. ഇതുവരെയുള്ള ജീവിതത്തിന്റെ ആകെത്തുക അവൾ പരിശോധിച്ചു. ഉറക്കം വന്നില്ല. മനസ്സിനെ മഥിക്കുന്ന ദുഃഖങ്ങൾ. തനിക്ക് എവിടെയൊക്കെയോ തെറ്റുപറ്റിയിരിക്കുന്നു. തിരുത്താൻ സാധ്യമല്ലാത്ത തെറ്റുകൾ. പെട്ടെന്ന് അവളിൽ ഒരു ഉൾവിളിയുണ്ടായി. ഹരി വരാൻ ഏഴ് മണിയാകും. ഇനിയും ധാരാളം സമയം ബാക്കി. ദേവികയുടെ ഉള്ളിലെ ഉത്കണ്ഠയും വിവേക ബുദ്ധിയും പ്രവർത്തിക്കാൻ തുടങ്ങി. വിലക്കേർപ്പെടുത്തിയിരിക്കുന്ന അലമാരയ്ക്കുള്ളിലെ ഒരു രഹസ്യ അറയുണ്ട്. അതൊന്നു പരിശോധിക്കേണ്ടതുണ്ട്. പലപ്പോഴും ഹരി പറയാറുണ്ട്.
“എന്റെ സകല സർട്ടിഫിക്കറ്റും ഇരിക്കുന്നത് ഇതിനകത്താണ്. നീ ഇതു അളിച്ചു വാരരുതേ . ഒരു പേപ്പർ നഷ്ടപ്പെട്ടാൽ ഒരു പാട് നഷ്ടങ്ങളാ. അതുകൊണ്ട് ഇതു തുറക്കല്ലേ .”
വിലക്കപ്പെട്ട കനികളൊന്നും അവൾ കഴിക്കാറില്ലെന്ന് ഹരിക്കു നന്നായറിയാം. അലമാരയുടെ അടിയിലെ അറയിൽ നിന്നുള്ള താക്കോലെടുത്ത് രണ്ട് അറകൾക്കിടയിലെ രഹസ്യ അറ പരിശോധിക്കാൻ തുടങ്ങി. അടുക്കോടും ചിട്ടയോടും വെച്ചിട്ടുള്ള ഒരു ഫയലിൽ അയാളുടെ സർട്ടിഫിക്കറ്റുകളാണെന്നും രണ്ടാമത്തെ ഫയലിൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും മൂന്നാമത്തെ ഫയലിൽ ഡോക്ടറെ കാണുന്ന നിരവധി തുണ്ടുകളും വിവരങ്ങളുമാണെന്നും കണ്ടെത്തി. അതോടൊപ്പം സൂക്ഷിച്ചിരുന്ന കറുത്ത ചട്ടയുള്ള ഡയറി അവൾ തുറന്നു നോക്കി. പല പേജുകളായി പലതും എഴുതി വച്ചിരുന്നു. പി.എസ്. സി.ടെസ്റ്റുകളുടെയും ഇന്റർവ്യൂകളുടെയും തീയതികളും ചില മാനസിക വെളിപ്പെടുത്തലുകളും ചില യാത്രാ വിവരണങ്ങളും രേഖപ്പെടുത്തിയിരുന്നു. അതിലെ ഒരു പുറത്തിൽ ഇങ്ങനെ .
2019 ഫെബ്രുവരി 11 തിങ്കൾ
എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായക ദിവസമായിരുന്നു ഇന്ന്. അറിയാതെ ചെളിയിൽ അകപ്പെട്ടു പോയതിന് ഇത്ര വില കൊടുക്കേണ്ടിവരുമെന്ന് അറിയില്ലായിരുന്നു.. ജീവിതം എന്താണെന്ന് അറിയുന്നതിനു മുന്നേ പിന്മാറാൻ ഞാൻ താല്പര്യപ്പെടുന്നില്ല. എനിക്കു ജീവിക്കണം ഇനിയും ഇനിയും. ഞാൻ എന്നെ തന്നെയാണ് കൂടുതൽ സ്നേഹിക്കുന്നത്. അതുകൊണ്ട് എനിക്കു ജീവിക്കണം. ആസ്വദിച്ചു തന്നെ… വരുന്നിടത്തു വച്ചു കാണാം.
അവൾ ഡയറി അടച്ചു വെച്ചു. അവളുടെ മസ്തിഷ്കത്തിന്റെ പകുതി മരവിച്ചു. നമ്മൾ കരുതുന്ന മാനദണ്ഡങ്ങൾ വെച്ച് ഒരാളിനെ അളക്കാനോ മനസ്സിലാക്കാനോ സാധിക്കില്ലെന്ന് അവൾക്കു മനസ്സിലായി.
മനുഷ്യമനസ്സിന്റെ കാണാപ്പുറങ്ങൾ വിശകലനം ചെയ്യാൻ ആർക്കും സാധ്യമല്ല. സ്ത്രീ പുരുഷന്റെ വെറും ജംഗമ വസ്തുവായാണ് കൂടുതൽ ആളുകളും കാണുന്നത്. തന്റെ അച്ഛൻ അങ്ങനെയല്ലല്ലോ അവളാലോചിച്ചു. രക്ത പരിശോധനയുടെ ഫലം കവറിലിട്ട് മേശപ്പുറത്ത് വെച്ച ശേഷം അവളുടേതായ തിരക്കുകളിൽ മുഴുകി. രക്ത പരിശോധന സംബന്ധിച്ച ഒരു വിവരവും ചോദിക്കാൻ ഹരി തയ്യാറായില്ല. വെറുതെ തർക്കിച്ചും വഴക്കു കൂടിയും ജീവിതം കളയുന്നതിന് ഒരു അർത്ഥവുമില്ലെന്ന് അവളുടെ മനസ്സു വെളിപ്പെടുത്തി. കാലചക്രം കറങ്ങിക്കൊണ്ടിരുന്നു. ചെടികൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതു പോലെ അവളിലെ കായയും പാകമായി. അത് പൊട്ടിച്ചിതറാൻ തയ്യാറായി. ആശുപത്രിവാസത്തിനും കുട്ടിയെ നോക്കാനുമായി ഹരി അടുത്തുള്ള ലളിതച്ചേച്ചിയെ തയ്യാറാക്കി നിർത്തിയിരുന്നു. പ്രസവത്തിനുള്ള എല്ലാ സജ്ജീകരണവുമായി ആശുപത്രിയുടെ മുൻവാതിലിൽ എത്തിയപ്പോൾ തന്നെ വലിയ ഒരു ബാഗുമായി ഇരിക്കുന്ന അമ്മയെയാണ് കണ്ടത്. പ്രതീക്ഷിക്കാത്ത ആ മുഖം കണ്ടപ്പോൾ അവളുടെ എല്ലാ അവശതകളും മറന്ന് ഉന്തിയ വയറുമായി മുന്നോട്ടു കുതിച്ചു ,
“മോളെ നീ എന്നോട് ഒരു വാക്ക് ഉരിയാടിയില്ലല്ലോ?.. നീ എന്നെ മറന്നോ ? ഞാൻ നിനക്ക് അത്രക്ക് അന്യയായോ?”
അമ്മയുടെ പരിഭവങ്ങളും പരിദേവനങ്ങളും നീണ്ടു.
“ഞാൻ അമ്മയെ ഓർക്കാത്ത ദിവസമില്ല. എന്റെ അമ്മ കൂട്ടുണ്ടായിരുന്നെങ്കിൽ എന്ന് എല്ലായ്പ്പോഴും ഓർക്കും. ഇങ്ങോട്ടിറങ്ങിയപ്പോഴുമതേ പൊറുക്കാനാവാത്ത തെറ്റല്ലേ ഞാൻ ചെയ്തത്. “
അവളുടെ വാക്കുകൾ കേൾക്കവേ തന്നെ കരം ഗ്രഹിച്ചിട്ട് അമ്മ പറഞ്ഞു.
” എന്റെ മകളുടെ സന്തോഷമല്ലേ ഞങ്ങൾക്ക് വലുത്. നീ എവിടായാലും സന്തോഷവതിയായാൽ മതി. അച്ഛനുണ്ടായിരുന്നു ഇതുവരെ .എല്ലാവരേം നേരിടാനുള്ള ബുദ്ധിമുട്ടുകൊണ്ടാ നിക്കാഞ്ഞത് . കൊച്ചിനെ കാണാൻ വരും”
മുമ്പേ ബുക്ക് ചെയ്തിരുന്ന മുറിയിലേക്കു മാറി. പത്തു മാസത്തെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കു വയ്ക്കലിനിടയിൽ ഒരിക്കൽ പോലും അവളുടെ രോഗവിവരം വെളിപ്പെടുത്തിയില്ല. ഇത്രയും സന്തോഷകരമായ ചുറ്റുപാടിൽ അവിടെ വിഷം വിതറാൻ അവളാഗ്രഹിച്ചില്ല. പത്തു മാസം കൊണ്ട് തന്റെ ശരീരത്തിനും മനസ്സിനും വന്ന വ്യതിയാനം അവളോർത്തു. ശരീരം കൊണ്ട് താൻ ഒരു കുട്ടിയുടെ മാതാവായി. മനസ്സുകൊണ്ട് തന്റെ ഉള്ളിലെ നന്മയുള്ള കുട്ടി മരിച്ചു. സംശയലേശമില്ലാതെ സന്തോഷത്തോടെയും ക്ഷമയോടും എല്ലാവരേയും വീക്ഷിക്കുന്ന തന്റെ ഉള്ളിലെ ബാലികയെയാണ് തന്റെ ഭർത്തൃ വീട്ടുകാർ നഷ്ടപ്പെടുത്തിയത്.
ഡോക്ടർ പറഞ്ഞ ദിവസം തന്നെ അവൾ സുന്ദരിയായ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. അവളെ മുറിയിലേക്കു കൊണ്ടുപോയ നേരത്തു തന്നെ അമ്മയും ഹരിയുമൊത്ത് കുഞ്ഞിന്റെ രക്ത പരിശോധനയ്ക്കായി പോയി. കുഞ്ഞിന്റെ രക്ത പരിശോധനാ ഫലവുമായി മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ ലളിതച്ചേച്ചി പുറത്തു നിൽക്കുന്നത് കണ്ടു. അമ്മയെയും ഹരിയെയും കണ്ടപ്പോൾ തന്നെ ലളിതച്ചേച്ചി ആവലാതിപ്പെട്ടു. “കുഞ്ഞ് കതകു തുറക്കുന്നില്ല “
” നിങ്ങളെവിടെപ്പോയി .ഞാൻ നിങ്ങളെ ഏല്പിച്ചല്ലേ പോയത് ” ഹരി വല്ലാതെ ദേഷ്യപ്പെട്ടു.
” ഞാൻ കഴുകിയ തുണി വിരിക്കാൻ പോയതാ. മോളപ്പോൾ കിടക്കുകയായിരുന്നു ” ലളിതച്ചേച്ചിയുടെ മറുപടി.
“മോളെ കതകു തുറക്കൂ … കതകു തുറക്കൂ എന്ന അമ്മയുടെ ആക്രോശങ്ങൾ അവിടെമാകെ മുഴങ്ങി. അയൽ മുറിയിലെ താമസക്കാരും അവിടെ ഓടി എത്തിച്ചേർന്നു. ചവിട്ടിത്തുറക്കപ്പെട്ട മുറിയിൽ രക്തം തളം കെട്ടിക്കിടക്കുന്ന കട്ടിലിൽ നിന്നും ദേവികയെ കോരിയെടുക്കുമ്പോൾ അവളുടെ നിശ്ചലമാർന്ന കൈകളിൽ നിന്നും രണ്ടു തുള്ളി രക്തം അമ്മയുടെ കയ്യിലിരുന്ന പേപ്പറിലേക്ക് ഇറ്റുവീണു. ഒന്നുമറിയാത്ത കുഞ്ഞ് ചുണ്ടു പിളർത്തി കരയുമ്പോൾ രക്തം പുരണ്ട ആ പേപ്പർ അമ്മ നിവർത്തി നോക്കി. “ഏലീസാ ടെസ്റ്റ് നെഗറ്റീവ് ” എന്നെഴുതിയ ആ പേപ്പറിൽ കണ്ട രക്തത്തുള്ളികളിലെ വൈറസുകൾ അവരെ ഭയപ്പെടുത്തി. പേടിയോടെ ആ തുണ്ടുകടലാസ് അവർ വലിച്ചെറിഞ്ഞു.
ശുഭം …