വാടകയ്ക്കെടുക്കാം ഹൃദയങ്ങളെ ……..

മകളേയും കൊണ്ട് നഗരത്തിലെ ആ വലിയ ആശുപത്രിയിലേക്ക് ചേക്കേറിയിട്ട് അന്നേക്ക് അഞ്ചാം ദിവസമായിരുന്നു. ഐ.സി.യു.വിന്റെ വാതിൽക്കൽ കൊതുകുകൾക്കൊപ്പം ജയലക്ഷ്മിയും ഉറക്കമിളച്ചു കാത്തിരുന്നു. അഞ്ചാമത്തെ രാത്രിയിൽ പുതിയ ഒരു അതിഥി കൂടി എത്തി. തന്റെ ഉണങ്ങി വരണ്ട ശരീരത്തെ നിറം മങ്ങിയ സാരിക്കുള്ളിൽ ഒളിപ്പിച്ച ഉണക്ക മണ്ണിന്റെ നിറമുള്ള വൃദ്ധയായ ഒരു സ്ത്രീ . ആസ്ത്‌മാ രോഗിയായ തന്റെ ഭർത്താവിന്റെ വിവരങ്ങളറിയാൻ കൂടെ കൂടെ ആ വൃദ്ധ ആശുപത്രിക്കുള്ളിലേക്ക് എത്തി നോക്കിയിരുന്നു. അവർ തന്റെ ചെറിയ ഫോണെടുത്ത് ജയലക്ഷ്മിയുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു.

“എന്റെ മോനെ ഒന്നു വിളിക്കുമോ? സുധാകരൻ ന്നാ പേര് ” ,

അക്ഷരങ്ങൾ മങ്ങി തുടങ്ങിയ ആ ചെറിയ ചതുരക്കട്ടയിൽ അതിന്റെ രഹസ്യങ്ങൾ തേടി അവൾ അലഞ്ഞു.

” കൂടെ ആരുമില്ലേ ? ഒറ്റയ്ക്കാണോ വന്നത്?” ഫോൺ നമ്പർ പരതുന്നതിനിടയിൽ അവൾ ആരാഞ്ഞു.

” രാത്രിയിൽ അതിയാന് ശ്വാസം മുട്ടു കൂടി . അടുത്ത വീട്ടിലെ ആട്ടോ ചെറുക്കനെ കൂട്ടിക്കൊണ്ടാ വന്നത്. അവൻ ഞങ്ങളെ ഇവിടെ ആക്കിയിട്ട് തിരികെ പോയി”. – അവർ മറുപടി നൽകി..

അവരുടെ സംസാരത്തിന്റെ ദുർഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ ഓക്കാനം വന്നു. മുഖം പതിയെ പിന്നിലേക്കു മാറ്റി ഫോൺ വിളിച്ചു അവർക്കു കൊടുത്തു.

മകളുടെ വിവരം അറിയാനായി ഐ.സി.യുവിന്റെ ആദ്യത്തെ വാതിൽ തുറന്ന് ജയലക്ഷ്മി ഡോക്ടറുടെ അടുത്തെത്തി. അവിടെ കൂലങ്കഷമായ ചർച്ച . അവളുടെ കാതുകളും കണ്ണുകളും പൂർണമായി അവരുടെ സംസാരത്തിനായി കൂർപ്പിച്ചു. വൃദ്ധയെ പരാമർശിക്കുന്ന സംസാരമാണതെന്ന് മനസ്സിലായി.

” അവരെ അങ്ങ് മാറ്റണേ .അവർ കൂടെ കൂടെ ഇവിടെ വന്ന് അന്വേഷിക്കുന്നുണ്ട്.’ ഒരു നേഴ്സ് അടുത്താളോട് പറഞ്ഞു.

” എന്താ പ്രശ്നം”? – സഹപ്രവർത്തകയുടെ അന്വേഷണം.

” അവരുടെ ഭർത്താവ് മരിച്ചു പോയി. കൂടെ ആരുമില്ല.” നേഴ്സിന്റെ മറുപടി.

ചർച്ചകളുടെ പൊരുൾ മനസ്സിലായി. മകളുടെ വിവരം ഒന്നും പറയാത്തതിനാൽ ജയലക്ഷ്മി പുറത്തിറങ്ങി. ആരോ ഇങ്ങോട്ടു വിളിക്കുന്നെന്നും ഫോണെടുക്കണമെന്നും പറഞ്ഞ് ആ സ്ത്രീ ഫോണുമായി വീണ്ടും അവളെ സമീപിച്ചു.

” അമ്മാ, അച്ഛന് എങ്ങനുണ്ട്?” – മറുതലയ്ക്കൽ നിന്നുള്ള അന്വേഷണം.

” നിങ്ങളുടെ അച്ഛന് സീരിയസ്സാണ്. പെട്ടെന്ന് ഇവിടെ വരിക”. ഇതു പറഞ്ഞ് അവൾ ഫോൺ വെച്ചു.

ഒരു മകനോട് അച്‌ഛന്റെ മരണം വിളിച്ചു പറയാനാകാത്തതിന്റെ ബുദ്ധിമുട്ട് അവൾ മനസ്സിലാക്കി. സമയത്തിന്റെ സൂചി കറങ്ങിക്കൊണ്ടിരുന്നു.

” ആരാണ് ഗീതികയുടെ അമ്മ . ഡോക്ടർ വിളിക്കുന്നു” തല മാത്രം പുറത്തിട്ടു കൊണ്ട് സുന്ദരിയായ നേഴ്സ് വിളിച്ചു പറഞ്ഞു. ജയലക്ഷ്മി പെട്ടെന്ന് അകത്തേക്ക് കയറി ചെന്നു.

” ഗീതികയുടെ അമ്മയാണ് അല്ലെ? കൂടെ ആരുമില്ലേ”

രണ്ടു ഡോക്ടർമാരിൽ മുപ്പത്തഞ്ച് വയസ്സ് പിന്നിട്ട ആൾ തിരക്കി.

” ഇല്ല” എന്നു മറുപടി കേട്ടപ്പോൾ കൂടെ നിന്ന യുവ ഡോക്ടർ എന്തു പറയണമെന്നറിയാതെ പരുങ്ങുന്നതു കണ്ടു. ഡോക്ടർ മുഖവുരയോടെ പറഞ്ഞു തുടങ്ങി.

” നിങ്ങൾ വളരെ സംയമനത്തോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണിത്.”

” കുഴപ്പമില്ല ഡോക്ടർ പറഞ്ഞോളൂ”

അവൾ ഏറെ ധൈര്യവതിയാണെന്നു നടിച്ചു മറുപടി പറഞ്ഞു.

ഡോക്ടർ തുടർന്നു.

” നിങ്ങളുടെ മകൾക്ക് വളരെ റെയർ ആയി കാണാറുള്ള മൈലറ്റിസ് എന്ന രോഗമാകാനാണ് സാധ്യത. നട്ടെല്ലിനെ ആവരണം ചെയ്യുന്ന മെലാറ്റിൻ എന്ന ദ്രവത്തിനുണ്ടാകുന്ന ഇൻഫെക്ഷൻ ആണിത്. നിങ്ങളുടെ മകളുടെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. ഇവിടെ കൃത്യമായ ട്രീറ്റ്മെന്റുകളൊന്നുമില്ല. ഏതെങ്കിലും നല്ല ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതായിരിക്കും നല്ലത്. മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉണ്ട്. അതാകുമ്പോൾ ചെലവു കുറവായിരിക്കും. പ്രൈവറ്റ് ഹോസ്പിറ്റലിലെ ചെലവ് നിങ്ങൾക്കു താങ്ങാനാകുമോ എന്നറിയില്ല. ഭേദമായാലും കുറച്ചു നാൾ കിടക്കേണ്ടിവരും”

അവൾക്ക് തലയിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി എവിടെ എന്നോ എന്തെന്നോ അറിയാത്ത അവസ്ഥ,” എന്തു പ്രതീക്ഷകൾ … ഏക മകൾ …. പതിനേഴു വയസ്സുകാരി ….. ഉപേക്ഷിച്ചു പോയ അവളുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്നോ ഇല്ലെന്നോ അറിയാൻ വയ്യ. മകളെ പഠിപ്പിക്കണം. എല്ലാവരും ബഹുമാനിക്കുന്ന ഡോക്ടറാക്കണം . . . . പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണോ?”.

അവൾക്കു നിയന്ത്രണം വിടുന്ന പോലെ തോന്നി. രണ്ടു കൈകളും തലയിൽ വെച്ച് ഉറക്കെ നിലവിളിച്ചു. ചുറ്റും വലിയ പുരുഷാരം. അതിനു നടുവിലവൾ ഇരുന്നു , ആരുടെയൊക്കെയോ സാന്ത്വന വചസ്സുകൾ. അവൾ സ്വയം പറഞ്ഞു.

തളരാൻ പാടില്ല.എല്ലാം ശരിയാകും ശരിയാകും. ആത്മവിശ്വാസമാണ് വേണ്ടത്”

നിയന്ത്രണം വീണ്ടെടുത്ത അവൾ ഫോൺ കയ്യിലെടുത്തു. ആദ്യം അവൾ ചേച്ചിയെ വിളിച്ചു. മെഡിക്കൽ കോളേജിലേക്കു പോകുകയാണെന്നും തന്റെ കയ്യിൽ കരുതിയിരുന്ന പണമൊക്കെ തീർന്നെന്നും എങ്ങനെയും കുറച്ചു പണം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. അവളുടെ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരിയായ ബിന്ദുവിനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ശോഭനോന്മുഖമായ അവളുടെ ഭാവി പ്രതീക്ഷിക്കുന്ന ഈ രണ്ടു പേർ മാത്രമേ ഇപ്പോൾ ഭൂമിയിലുള്ളൂ. ആശുപത്രിയിലെ വലിയ തുക ബിൽ അടച്ചിട്ട് ആംബുലൻസ് വിളിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. സാധനങ്ങളെല്ലാം പെറുക്കി കൂട്ടി വന്നപ്പോഴേക്കും സ്ട്രക്ച്ചറിൽ മകളുമെത്തി. തളർന്നു കിടക്കുന്ന മകളെ കണ്ടപ്പോൾ അവൾക്കു സഹിക്കാനായില്ല. ഇതിനായിരുന്നോ താൻ ഇതുവരെ ഇത്ര കഷ്ടപ്പെട്ട് ജീവിച്ചത്. ആംബുലൻസിൽ കയറുന്നതിനു മുമ്പു തന്നെ ബിന്ദുവും അവളുടെ ഭർത്താവും ചേച്ചിയും എത്തിയിരുന്നു.

” നീ പേടിക്കേണ്ട, അസുഖം കണ്ടുപിടിച്ചല്ലോ. ഏത് അസുഖത്തിനും ഇന്നത്തെ കാലത്ത് മരുന്നുണ്ട്. എല്ലാം ശരിയാകും. നിനക്കൊപ്പം ഞങ്ങളുണ്ട്.” അവരുടെ ആശ്വാസവചനങ്ങൾ.

ആ യാത്ര ആസന്ന ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ജീവിതത്തിന്റെ വഴിത്തിരിവാണെന്ന് അവൾക്കു മനസ്സിലായില്ല

അവർക്കൊപ്പം ആംബുലൻസിൽ കയറിയതും മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽ പ്രവേശിച്ചതു വരെയുള്ള കാര്യങ്ങൾ അവളുടെ തലച്ചോറിൽ രേഖപ്പെടുത്താതെ പോയി. കടുത്ത ഇടിയിലും മിന്നലിലും കറന്റു പോകുന്നതു പോലെയാണ് അവൾക്കനുഭവപ്പെട്ടത്. കൂടെ വന്നവരെല്ലാം പോയപ്പോൾ കടുത്ത ഏകാന്തത അനുഭവപ്പെട്ടു. ഐ.സി.യുവിന്റെ വാതിൽക്കൽ അനേകം കൂട്ടിരിപ്പുകാർക്കൊപ്പം അവളും ഇരുന്നു. ഓരോരുത്തരുടേയും കയ്യിലെ ഫ്ലാസ്ക്കുകൾക്കും പാത്രങ്ങൾക്കുമുള്ള സമാനതകൾ കണ്ടെത്തി. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉദ്യോഗസ്ഥനെന്നോ കൂലിപ്പണിക്കാരനെന്നോ സവർണ്ണനെന്നോ അവർണനെന്നോ ഭേദമില്ലാതെ ഒരേ വികാരം അലതല്ലുന്ന മുഖങ്ങൾ .സമയം പോകുന്നതിന്റെ ആകുലതകളൊന്നും ആ കണ്ണുകളിൽ കണ്ടില്ല . ഓരോരുത്തരും അവരവരുടെ പ്രിയപ്പെട്ടവരുടെ പേരുകൾക്കായി കാതോർത്തിരുന്നു. സന്ദർശകർക്കായി ഒരുക്കിയ കസേരകൾ ഒഴിഞ്ഞു കിടന്നു. വൈകിട്ട് നാലു മണി മുതൽ ആറു മണി വരെയുള്ള സമയങ്ങളിൽ സന്ദർശകർ തിക്കിതിരക്കി വന്നു. ഇല്ലാത്ത ഉത്കണ്ഠകളും സങ്കടങ്ങളും കണ്ണുകളിലും വാക്കുകളിലും അവർ നിരത്തി. ഗൂഢമായ സന്തോഷങ്ങൾ ചിലരുടെ കണ്ണുകളിൽ വിരിയുന്നുണ്ടോ എന്ന് അവൾ ചികഞ്ഞു ” ഗീതിക” എന്ന ഓരോ വിളികളിലും അവൾ നേഴ്സിന്റെ അടുത്തെത്തി. നെഞ്ചിൽ ഒരു കല്ലും വഹിച്ച് ഓരോ തുണ്ടുകളുമായി അവൾ ഓടി. ആവശ്യങ്ങൾ നിരവധിയായിരുന്നു. ചിലപ്പോൾ മരുന്നു കൊണ്ടുവരാനാകാം, ടെസ്റ്റുകൾക്കാകാം, ഭക്ഷണത്തിനാകാം. മൂത്രവും സ്രവങ്ങളും ഖനീഭവിച്ചു കിടക്കുന്ന വഴികളിലൂടെയുള്ള ഓട്ടങ്ങൾ. സാന്ത്വന വചനങ്ങൾ കൊണ്ടു അടുത്തു കൂടിയ കൂട്ടിരിപ്പുകാർ അവളുടെ ചങ്ങാതികളായി. ഓരോരുത്തരുടേയും പ്രശ്നങ്ങൾ അവരവർക്ക് വലുതായിരുന്നു. അടുത്തിരുന്ന ശശികല ചേച്ചി പരിതപിച്ചു കൊണ്ടിരുന്നു.

” ഏട്ടനാ മോദകത്തിന്റെ പാതിയേ കടിച്ചുള്ളൂ. പാവം തിന്നാൻ പറ്റിയില്ല”

എനിക്കവർ പറയുന്നത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്റെ ആകാംക്ഷ പുറത്തു വന്നു.

” മോദകം എന്താ തിന്നാഞ്ഞത്?”

അവരുടെ ഭർത്താവായ പോലീസുകാരൻ മോദകം കഴിക്കാനായി വായിലിട്ടപ്പോൾ ഹൃദയാഘാതം വന്ന് പുറകോട്ടു വീണെന്നും മോദകത്തിന്റെ പകുതി വായിലുണ്ടായിരുന്നെന്നും കഴിക്കാൻ സാധിച്ചില്ലെന്നും മനസ്സിലായി.

മോളുടെ അസുഖത്തിന്റെ തീക്ഷ്ണത കുറഞ്ഞു വന്നു. ഒപ്പം പണമില്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറി വന്നു. ഒരായുസ്സിന്റെ അധ്വാനം കൊണ്ടു നേടിയ സമ്പാദ്യം എല്ലാം ഒരാശുപത്രിവാസം കൊണ്ട് കാലിയായി.” മോളെ ഡോക്ടറാക്കുക” എന്ന അവളുടെ ഏറ്റവും വലിയ ആഗ്രഹം ചോദ്യചിഹ്നമായി നില നിന്നു. ഇരുപത്തിയെട്ട് ദിവസത്തെ ആശുപത്രിവാസം ഏല്പിച്ച പ്രഹരം അത്ര വലുതായിരുന്നു. അവളുടെ ജീവിതത്തിന്റെ ആകെത്തുക ആശുപത്രിവാസം കൊണ്ട് മനസ്സിലാക്കിയ ശശികല ചേച്ചി മറ്റുള്ളവരുടെ ദുഃഖത്തിൽ അനുതാപം പ്രകടിപ്പിക്കുന്ന സ്ത്രീയായിരുന്നു. അവർ കൊണ്ടുവന്ന ഭക്ഷണം ജയലക്ഷ്മി പങ്കിട്ടെടുത്തു കഴിക്കെ അവർ മുഖവുരയോടെ പറഞ്ഞു തുടങ്ങി.

” ഞാൻ പറയുന്നത് തെറ്റാണെങ്കിൽ നീ ക്ഷമിക്കണം. എന്റെ വിവരക്കേടാണെന്ന് കരുതിയാൽ മതി” .

” എന്താ ചേച്ചി, ചേച്ചിയ്ക്കെന്തു വേണമെങ്കിലും പറയാം.” അവൾ തന്റെ മനസ്സു തുറന്നു കാട്ടി.

” എന്നോടൊരാളൊരു കാര്യം ചോദിച്ചിരുന്നു. നിനക്ക് പൂർണ സമ്മതമാണെങ്കിൽ മാത്രം സ്വീകരിച്ചാൽ മതി. അല്ലെങ്കിൽ ഞാനിത് പറഞ്ഞിട്ടില്ല എന്നുവച്ചാൽ മതി” ചേച്ചിയുടെ മുഖവുര നീണ്ടു.

അവളുടെ മനസ്സൊന്നാളി. വല്ല കല്ല്യാണ ക്കാര്യം വല്ലതുമാണോ? ഇതു കുറേ കേട്ടതാ .

” ചേച്ചി എന്തായാലും പറ”. അവൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

” എന്റെ ചേച്ചിയുടെ മോൻ ഒരു പയ്യനുണ്ട്. അവന് നാല്പത്തഞ്ചു വയസ്സുണ്ട്. ഗൾഫിലായിരുന്നു. ഇപ്പോ നാട്ടിലാണ്. ഇട്ടു മൂടാനുള്ള സ്വത്തുണ്ട്.” ശശികല ചേച്ചി പറഞ്ഞു.

” ഓഹോ കല്യാണക്കാര്യം തന്നെ” അവളുടെ മനസ്സു പറഞ്ഞു.

അവർ തുടർന്നു.

” അവന് മക്കളില്ല. അവന്റെ ഭാര്യക്കിനി പ്രസവിക്കാനൊക്കില്ല. ചികിത്സയ്ക്കായി കുറേ ആശുപത്രി കയറിയതാ. കത്തി വച്ച് കത്തി വച്ച് അകത്തൊന്നും പലതും ഇല്ലന്നേ. അവനൊരാഗ്രഹം ഒരു കുഞ്ഞു വേണമെന്ന് “. അവരെന്താണ് പറഞ്ഞു വരുന്നതെന്ന് അവൾക്ക് മനസ്സിലായില്ല.

” ഇപ്പോ പുതിയ ഒരു ഏർപ്പാടുണ്ടല്ലോ. മക്കളില്ലാത്ത ദമ്പതിമാർക്കു വേണ്ടി കുഞ്ഞിനെ പ്രസവിച്ചു കൊടുക്കുന്നത്. പല സ്ത്രീകളും തയ്യാറായി വന്നതാ. അവന് പക്ഷെ ആ സ്ത്രീകളെ ഇഷ്ടായില്ല. അവന്റെ കുഞ്ഞിനെ പ്രസവിക്കുന്നത് നല്ലൊരമ്മയായിരിക്കണമെന്ന് അവന് നിർബന്ധമുണ്ട്. നല്ലൊരമ്മയ്ക്കേ നല്ല മക്കളുണ്ടാവൂന്നാ അവൻ പറയാറ്. തെറ്റാണെങ്കിൽ എന്റെ മോള് എന്നോട് ക്ഷമിക്കണം. അവരുടെ കുഞ്ഞിനെ മോളെന്നേക്കണം. പത്തു മാസത്തെ കാര്യോല്ലേ. ദാ ന്ന് പോകും. മോൾക്ക് ചോദിക്കുന്ന പൈസ കിട്ടും. ആ പൈസ കൊണ്ട് ഗീതികയുടെ പഠനവും നടക്കും,”

ജയലക്ഷ്മി മിണ്ടാതിരുന്നു. ഇല്ലായ്മകൾ ചൂഷണം ചെയ്യുന്ന സമൂഹം . എന്തു പറയാനാണ്. എങ്കിലും അവളുടെ അഭിപ്രായം പറഞ്ഞു.

” ചേച്ചീ, പൈസാക്ക് ബുദ്ധിമുട്ടുണ്ടൊന്നുള്ളത് ശരി തന്നെ. പക്ഷെ അഭിമാനം വിറ്റുണ്ണാറില്ല. ഭർത്താവില്ലാത്ത ഞാൻ ഒരു കൊച്ചിനെ പ്രസവിച്ചൂന്നറിഞ്ഞാൽ നാട്ടുകാര് വെച്ചേക്ക്വോ? അവസരം നോക്കിയിരിക്കുവാ പല്ലും ദംഷ്ട്രയുമുപയോഗിച്ച് ആക്രമിക്കാൻ”

ശശികല ചേച്ചി സൗമ്യതയിൽ സംഭാഷണം തുടർന്നു

“നീ ആലോചിച്ചിട്ട് പറഞ്ഞാൽ മതി. നാട്ടിലെങ്ങും പോകേണ്ട . ഇവിടെ അടുത്ത് ഒരു വീട് എടുത്തു തരും. ജോലിക്കായി ഒരു ആളിനേം. പുറത്തെങ്ങും പോകേണ്ട, ഭക്ഷണോം എല്ലാം അവർ ഏർപ്പാടാക്കിത്തരും. പത്തു മാസം കഴിയുമ്പോൾ ഇരുപത്തഞ്ച് ലക്ഷം രൂപ തരും. ഒരായുസ്സിൽ നീ വിചാരിച്ചാൽ നടക്കാത്ത സമ്പാദ്യം. ആ പണം കൊണ്ട് നിന്റെ മോളെ പഠിപ്പിക്കുകേം ചെയ്യാം”

ഗീതികയെ ഐ.സി.യുവിൽ നിന്നും റൂമിലേക്ക് മാറ്റി. അവൾക്ക് അല്പം നടക്കാമെന്നായി ഫിസിയോ തെറാപ്പി കൊണ്ട് എല്ലാം പതിവു പോലെ ആകുമെന്ന് ഡോക്ടർ പറഞ്ഞു. ഇതിനിടയിൽ അവരുടെ ചർച്ചാ വിഷയം ശശികല ചേച്ചിയുടെ വാഗ്ദാനത്തെക്കുറിച്ചായിരുന്നു. സ്വന്തമെന്നു പറയാൻ നാട്ടിലുള്ള പത്തുസെന്റു വസ്തുവും ചെറിയ വീടും മാത്രം. സഹായിക്കാൻ പറയത്തക്ക ബന്ധുക്കളില്ല. പത്തു മാസം നഷ്ടപ്പെടുത്തിയാൽ കിട്ടുന്നതുക വലുത് തന്നെയാണ്. പോരാത്തതിന് ഗീതികയുടെ ചികിത്സയ്ക്കായി ഇനിയും പണം വേണം. ചികിത്സ സംബന്ധമായി ഗീതികയുടെ ഒപ്പം പോകേണ്ടതിനാൽ കുറേ നാളത്തേക്ക് ജോലിക്കു പോകാനാകില്ല. പറയുന്ന വ്യവസ്ഥ സമ്മതിച്ചാൽ ഒരു വർഷത്തേക്ക് വാടക കൊടുക്കാതെ വീടും ഭക്ഷണവും ഗീതികയുടെ പഠനവും ചികിത്സാ സൗകര്യവും നടക്കും. നാട്ടിൽ നിന്ന് ഇത്രയും അകലെയായതിനാൽ ഈ സംഭവ വികാസങ്ങളൊന്നും നാട്ടുകാരും വീട്ടുകാരും അറിയാനും പോകുന്നില്ല. ഒടുവിൽ സമ്മതമാണെന്നുള്ള തീരുമാനം അവൾ ശശികല ചേച്ചിയെ അറിയിച്ചു. ആശുപത്രിവാസം കഴിഞ്ഞ് പുറത്തിറങ്ങിയ അവരെ കാത്ത് ഒരു വലിയ കാറും ദീപികാ – അനിൽകുമാർ ദമ്പതിമാരും അവരുടെ വിശ്വസ്തയായ മദ്ധ്യ വയസ്സു പിന്നിട്ട വേലക്കാരിയുമുണ്ടായിരുന്നു. നഗരത്തിൽ നിന്ന് ഒട്ടൊഴിഞ്ഞ് കിടക്കുന്ന സ്ഥലത്തെ മനോഹരമായ ആ ചെറിയ വീട് ആകർഷണീയത്വം ഉള്ളതായിരുന്നു. ഗേറ്റു കടക്കുമ്പോൾ മുതൽ ഓടുപാകിയ മനോഹരമായ വഴിയും രണ്ടു വശത്തുമുള്ള പൂച്ചെടികളും കടന്ന് അടുക്കും ചിട്ടയും ശുചിത്വവുമുള്ള ഒരു വീടാണ് ഞങ്ങളെ എതിരേറ്റത്. മനോഹരമായ ഫർണീച്ചറുകൾ നിരത്തിയ മുൻ വശത്തെ മുറിയും നല്ല മെത്തകൾ കൊണ്ടു ഒരുക്കിയ കിടപ്പുമുറിയും എല്ലാ ഉപകരണങ്ങളും ഉള്ള അടുക്കളയും ഞങ്ങൾക്കേകിയത് തികച്ചും സന്തോഷം തന്നെയായിരുന്നു. ഇതിനൊരു മറുവശമുണ്ടെന്നുള്ളത് ഞങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു.

ഫിസിയോ തെറാപ്പി ചെയ്യാനായി എന്നും രാവിലെ ഒരാൾ എത്തിയിരുന്നു. രണ്ടു മാസത്തെ പഠനത്തിനൊരു വിഘാതം സൃഷ്ടിച്ചുവെങ്കിലും ഗീതികയും അടുത്തൊരു സ്വകാര്യ സ്ഥാപനത്തിൽ മെഡിക്കൽ പ്രവേശനത്തിന്റെ പരിശീലനത്തായി പോയി തുടങ്ങി. ഇതിനകം രണ്ടു മൂന്നു പരിശോധനകൾക്കായി ആ ദമ്പതിമാരോടൊപ്പം ജയലക്ഷ്മിയും ഒരു സ്വകാര്യ ആശുപത്രിയിൽ പോയി .

ഇതുവരെ ജീവിച്ചതിൽ നിന്നും പുതിയൊരന്തരീക്ഷത്തിലേക്കു മാറുകയായിരുന്നു അവരിരുവരും. തിരക്കുള്ള ബസിൽ ഇറങ്ങാൻ കഴിയാതെ വിഷമിക്കുന്ന പിന്നിൽ നിൽക്കുന്ന യാത്രികയായിരുന്നു ജയലക്ഷ്മി ഇതുവരെ . ഇപ്പോൾ വേണ്ടുവോളം സമയം, ഇഷ്ടഭക്ഷണം. ഇഷ്ട പുസ്തകങ്ങൾ, വസ്ത്രങ്ങൾ എല്ലാം. അവരോടൊപ്പം പോയിരുന്ന ആശുപത്രി സന്ദർശനങ്ങൾ മാത്രമാണ് അവളെ മടുപ്പിച്ചിരുന്നത്. വേദനയുടേയും ഉത്കണ്ഠയുടേയും ലജ്ജയുടേയും നാളുകൾക്കൊടുവിൽ ദമ്പതിമാരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടായി. ജയലക്ഷ്മി വീണ്ടുമൊരമ്മയാകാൻ പോകുന്നു. അവളുടെ മാതൃത്വത്തിൽ ഏറെ സന്തോഷിച്ചത് ആ ദമ്പതിമാരായിരുന്നു. അവൾക്കൊരു കുറവും വരാതെ അവർ നോക്കി. വയറു നിറഞ്ഞാലും ഒളിഞ്ഞു കിടക്കുന്ന വിശപ്പു പോലെ എല്ലാ സമ്പൽ സമൃദ്ധിക്കിടയിലും ഒരതൃപ്തി ജയലക്ഷ്മിയിൽ നിലനിന്നിരുന്നു. അനിലിന്റെ നോട്ടവും ഭാവവും അവളെ തൃപ്തയാക്കിയില്ല. പലപ്പോഴും അയാളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ദിവസങ്ങൾ മാസങ്ങൾക്കു വിട വാങ്ങവേ ജയലക്ഷ്മിയിലുണ്ടാകുന്ന രൂപാന്തരണം ഗീതികയിലും അത്ഭുതങ്ങൾ സൃഷ്ടിച്ചു. ജയലക്ഷ്മിയുടെ തുടുത്ത കവിളുകളും മിനുത്ത കൈത്തണ്ടകളും തടവിക്കൊണ്ട് ഗീതിക പറഞ്ഞു.

“അമ്മയെ കണ്ടിട്ട് എനിക്കസൂയ തോന്നുന്നു. എത്ര സുന്ദരിയാ എന്റെ അമ്മ. അനിയത്തിക്കുട്ടി ആകാനാണ് സാധ്യത.”

പെട്ടെന്ന് അവരുടെ ഇടയിലേക്ക് മൗനം കടന്നുവന്നു. മൗനത്തിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കി ജയലക്ഷ്മി പറഞ്ഞു.

” മോള് പോയിരുന്ന് പഠിക്ക്.”

മുറിയിലേക്ക് പോകുന്ന അവളെ നോക്കി ജയലക്ഷ്മി ദീർഘ നിശ്വാസം ഉതിർത്തു.

ഗർഭത്തിന്റെ ആലസ്യത്തിൽ ഉച്ചമയക്കത്തിൽ കിടന്ന ഒരു വേളയിലാണ് കോളിംങ് ബെൽ ശബ്ദം കേട്ടത്. മകൾ പഠിക്കാൻ പോയതിനാലും വേലക്കാരി എന്തോ പണികളിൽ മുഴുകിയതിനാലും അവൾ ചെന്നു കതകു തുറന്നു. അപ്രതീക്ഷിതമായി അനിലിനെ കണ്ട സംഭ്രമത്തിൽ മുഴുകി നിന്നു . ഭാര്യയില്ലാതെയുള്ള ആദ്യവരവായിരുന്നു. സ്നേഹത്തോടെയുള്ള അയാളുടെ നോട്ടത്തിനു മുന്നിൽ അവൾ ചൂളി. അർഹിക്കാത്ത സ്നേഹം അവളിൽ ആത്മനിന്ദ സൃഷ്ടിച്ചു. ശരീരത്തിന്റെ നിമ്നോന്നതങ്ങൾ മനസ്സിലാക്കാതിരിക്കാനായി വസ്ത്രത്തിനുള്ളിൽ ചൂളിപ്പിടിച്ചു നിന്നു.

” സുഖമോ “? പതിയെ അയാൾ ചോദിച്ചു.

“ഉം” അവൾ മൂളി.

” എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ ദിനങ്ങളിൽ കൂടിയാണ് ഞാൻ പോകുന്നത്.” അവളുടെ കണ്ണകളിലേക്ക് നോക്കി അയാൾ പറഞ്ഞു.

“ദീപിക ച്ചേച്ചി വന്നില്ലേ?” ഇടയ്ക്കു കയറി അവൾ ചോദിച്ചു.

” അവൾക്കു നല്ല സുഖമില്ല . ഞങ്ങൾ രണ്ടു പേരും കൂടി വരാനിരിക്കയായിരുന്നു. എന്നും ദെണ്ണമാ.”

സംസാരത്തിൽ ദ്യോതിക്കുന്ന അവരോടുള്ള അസഹ്യത അവൾക്കു മനസ്സിലായി.. അയാൾ തുടർന്നു.

” കല്യാണം കഴിഞ്ഞുള്ള അന്നുമുതൽ അവൾക്കോരോ അസുഖങ്ങളാ. ആശുപത്രിവാസം മൂലവും പ്രവാസ ജീവിതം മൂലവും ജീവിതമെന്താണെന്ന് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി നമ്മുടെ കുഞ്ഞാണ് ഞങ്ങളുടെ ജീവിതത്തിൽ വസന്തം വിരിയിക്കേണ്ടത്.”

” നമ്മുടെ കുഞ്ഞോ ? നിങ്ങളുടെ കുഞ്ഞ് . ഞാൻ വെറും വാടകക്കാരി … ഞാൻ വെറും വാടകക്കാരി.” ആവർത്തിച്ച് അവൾ പറഞ്ഞു കൊണ്ടിരുന്നു.

അയാൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു. ചിരിയുടെ അലകൾ അവിടെമാകെ മുഴങ്ങി. സന്തോഷം മൂർധന്യാവസ്ഥയിൽ നില്ക്കുന്ന അവസ്ഥയിൽ അയാൾ തുടർന്നു.

” എക്സ്പിയറി ഡേറ്റ് കഴിഞ്ഞ എന്റെ ഭാര്യക്കെങ്ങനെ മക്കളുണ്ടാകാനാ അവൾ വെറും പൊട്ടിപ്പെണ്ണ് , കോടിക്കണക്കിന് സ്വത്തിന്റെ അവകാശിയായ അവളുടെ മുതലിന് ഒരു അവകാശി വേണ്ടേ. ഇത് എന്റെ കുഞ്ഞ്. നമ്മുടെ കുഞ്ഞ്. തന്നെ അന്നു കണ്ടപ്പോഴേ ഞാൻ മോഹിച്ചതാ. സുമലതയുടെ മൂക്കും കണ്ണും കവിൾത്തടങ്ങളും ….”

അയാളുടെ വിവരണങ്ങൾ കേൾക്കാനുള്ള ശക്തി ജയലക്ഷ്മിയ്ക്കുണ്ടായില്ല. കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ. അയാളുടെ കരങ്ങളിലേക്ക് ചായുമ്പോൾ അതേ നിമിഷം തന്നെ വേറെ ചിന്തയുമുണ്ടായി. അർഹിക്കാത്ത മുതൽ തനിക്കു വേണ്ട. ഒരേ സമയം ചതിക്കപ്പെട്ട രണ്ടു സ്ത്രീകൾ. അയാളുടെ വരവും വർത്തമാനവുമെല്ലാം ഗീതികയുമായി പങ്കു വെച്ചു. അവൾ സമാശ്വസിപ്പിച്ചു.

” എവിടായാലും നമ്മുടെ കുഞ്ഞിന് ഒരു വിഷമവും ഉണ്ടാകില്ല അമ്മേ. അവർ പൊന്നുപോലെ നോക്കും”.

ഒൻപതു മാസം പൂർത്തിയാകുന്നതിനു മുന്നേ സിസേറിയനിലൂടെ അവളൊരാൺകുഞ്ഞിനു ജന്മം നൽകി. സ്വർണനിറത്തിലുള്ള അവനെ കണ്ടപ്പോൾ അത് മറ്റൊരാളുടെ കുട്ടിയാണെന്ന് തോന്നിയില്ല. കറുപ്പുനിറമുള്ള ദീപിക ച്ചേച്ചിക്ക് ഇങ്ങനെയൊരു കുട്ടിയുണ്ടാകാനുള്ള സാധ്യത കുറവാണ്, അഞ്ചാം ദിവസം ഡിസ്ചാർജായി. കുഞ്ഞിനെ എടുത്തതും സഹായിയായി നിന്നതുമെല്ലാം ദീപിക ച്ചേച്ചിയായിരുന്നു. വീട്ടിലെത്തി വേലക്കാരിയെ ഏൽപ്പിച്ചു പോകുമ്പോൾ അവരോർമ്മിപ്പിച്ചു.

” രണ്ടു ദിവസം കഴിഞ്ഞു വരാം”.

ആ വാക്കുകൾ അവളിൽ ഉൾക്കിടിലം സൃഷ്ടിച്ചു. ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൃദുവായ കാൽപ്പാദം തടവിക്കൊണ്ട് ഗീതിക പറഞ്ഞു

” അമ്മാ, നമുക്കാ പൈസാ വേണ്ടാ. നമ്മുടെ മോൻ മതി”.

” അവർ കേൾക്കുമോ? അതു തന്നെയുമല്ല. കുഞ്ഞിന്റെ അച്ഛനെക്കുറിച്ച് ചോദിക്കുന്നവരോട് എന്തു സമാധാനം പറയും?”.

ജയലക്ഷ്മി ആശങ്കാകുലയായി.

” അമ്മ നടന്നതു പറഞ്ഞാൽ മതി”

കുഞ്ഞിനെ കിട്ടിയതിന്റെ സന്തോഷവും കൊണ്ടുപോകുമെന്നുളള പേടിയും തമ്മിൽ വടം വലിയായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ ദമ്പതിമാർ വീണ്ടും വന്നു. സംസാര വേളയിൽ അനിൽ പറഞ്ഞു.

” മോന് വേണ്ടി ഞങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. വേലക്കാരി രണ്ടു മാസം കൂടി നിക്കട്ടെ. നിങ്ങൾ തയ്യാറായിരിക്കണം. ഞങ്ങൾ നല്ല ഒരു ദിവസം നോക്കി വരും. മോനെ കൊണ്ടുപോകാൻ .”

അവളുടെ ശരീരമാസകലം വിറച്ചു. പതറിയ ഒച്ചയോടെ പറഞ്ഞു.” കുഞ്ഞിന് ആദ്യ പാൽ കിട്ടുക എന്നത് അതിന്റെ അവകാശമാണ്. എന്റെ കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുക എന്റെ കൂടി ആവശ്യമാണ്.”

അനിൽ ആ വാക്കുകൾ ഖണ്ഡിച്ചു കൊണ്ടു പറഞ്ഞു. “അതൊന്നും ആലോചിച്ച് നിങ്ങൾ വിഷമിക്കേണ്ട . ഇപ്പോൾ തന്നെ ഒരാഴ്ചയിൽ കൂടുതലായി. ഡോക്ടറുടെ നിർദേശത്തോടെ കുഞ്ഞിനാവശ്യമുള്ളതെല്ലാം ഞങ്ങൾ കൊടുത്തു കൊള്ളാം “. അവരുടെ വരവു പോക്കുകൾ ഉറക്കമില്ലാത്ത രാത്രികളാണ് സൃഷ്ടിച്ചത്. കുഞ്ഞിനോടൊത്തുള്ള ഓരോ നിമിഷവും വലുതായിരുന്നു. ഉറങ്ങിപ്പോയാൽ മോനോടൊപ്പമുള്ള ജീവിതം കുറയുമെന്നു കരുതി ഉറങ്ങാതിരുന്നു. കൃത്യം 16-ാം ദിവസം അവരെത്തി. കുഞ്ഞിനെ കൊണ്ടുപോകാനുള്ള അനുമതിപത്രം, ചെക്ക് ഇവയായി. വിഷമം മൂലം ജയലക്ഷ്മിക്ക് ശൗചാലയത്തിൽ നിന്ന് ഇറങ്ങാൻ സാധിക്കാതെയായി. ഗീതിക നിസ്സംഗതയോടെ നോക്കിയിരുന്നു. എല്ലാമായ മോനെ തട്ടിപ്പറിച്ചു കൊണ്ടുപോകുമ്പോൾ നിയമത്തിന്റെ നൂലാമാലകൾക്കു മുന്നിൽ സ്വന്തം വികാരങ്ങൾക്കു സ്ഥാനമില്ലെന്ന തിരിച്ചറിവുണ്ടായി.

കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർദ്ധക്യത്തിൽ പുത്രനാലും രക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന മനു സ്മൃതിവാക്യം അവളോർമ്മിച്ചു. അകാലത്തിൽ മരിച്ച അച്ഛൻ , ഉപേക്ഷിച്ചു പോയ ഭർത്താവ്, സാഹചര്യത്താൽ നഷ്ടപ്പെടുത്തേണ്ടി വന്ന മകൻ ഇവിടെ ആരാണ് അവളെ രക്ഷിക്കേണ്ടത്. കരയുന്ന അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് ഗീതിക പറഞ്ഞു. “അമ്മക്ക് ഞാനുണ്ട് “.

ശുഭം…

One thought on “വാടകയ്ക്കെടുക്കാം ഹൃദയങ്ങളെ ……..

Leave a comment