
അദ്ധ്യാപക പഠനം കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന വേളയിലാണ് റാണിച്ചേച്ചിയും രണ്ടു മക്കളും അയലത്ത് വന്നു താമസമാരംഭിച്ചത്. എട്ടു വർഷം മുമ്പ് നാടുവിട്ട റാണി ച്ചേച്ചി അന്നു ഞങ്ങളുടെ ഗ്രാമത്തിൽ സ്ഫോടനം തന്നെ സൃഷ്ടിച്ചിരുന്നു. മറ്റുള്ളവരുടെ മനസ്സിൽ വിഷം തളിച്ചിട്ട് മറ്റൊരു മതസ്ഥനോടൊപ്പം നാടു വിട്ടപ്പോൾ വരാൻ പോകുന്ന ഭവിഷ്യത്തുകളൊന്നും ആലോചിച്ചില്ല. ചെകുത്താൻ കയറിയ റാണിച്ചേച്ചിയുടെ അച്ഛൻ ഒരു മുഴം തുണിയിൽ എല്ലാം അവസാനിപ്പിച്ചു കളഞ്ഞു. അമ്മയോടൊപ്പം അന്ന് ആ മരണവീട്ടിലേക്ക് പോയപ്പോൾ താൻ കണ്ട കാഴ്ചകൾ ഇന്നും മനസ്സിന്റെ കോണിൽ ഒളിമങ്ങാതെ കിടക്കുന്നു. പറങ്കിമാങ്ങാച്ചുന മണക്കുന്ന വഴികളിലൂടെയും ആരുടെയൊക്കെയോ വീട്ടുമുറ്റങ്ങളിലൂടെയും മരണവീട്ടിൽ എത്തിച്ചേർന്നു.വീടിന്റെ നിർവചനങ്ങളിൽ പെടാത്ത കട്ട കെട്ടിയ ചെറിയ ഓലപ്പുര . ദാരിദ്ര്യം മണക്കുന്ന മുറികൾ. മുഷിഞ്ഞതെന്നു തോന്നിക്കുന്ന കുറെ വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രം അലങ്കാര വസ്തുക്കളായുണ്ട്. കീറൻ പായയിൽ യൗവനം വിട്ടു മാറിയ ഒരു പെൺ ശരീരം പറ്റിച്ചേർന്നു കിടക്കുന്നു. അതിൽ നിന്നും കൂടെ കൂടെ ഉയർന്നു കേൾക്കുന്ന ഞരക്കങ്ങൾ. ഗ്രാമീണതയുടെ നൈർമ്മല്യം തുളുമ്പുന്ന ഒരു പാവാടക്കാരി “അച്ഛാ …. അച്ഛാ” എന്നു വീടു മുഴുവൻ കേൾക്കെ അലറുന്നു. പരസ്പരം പഴി പറയുകയും എന്തോ പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്ന നാട്ടുകാർ. തുന്നലുകൾ കൊണ്ടു ചേർത്തുവെക്കപ്പെട്ട ശരീരം കാണാതെ മടങ്ങുമ്പോൾ അവർക്ക് എവിടെയൊക്കെയാണ് കണക്കുകൂട്ടലുകൾ പിഴച്ചതെന്ന് മനസ്സിലായില്ല. ഇത്ര ദുരന്ത കഥ ഭൂത കാലമായുള്ള റാണി ച്ചേച്ചി സ്വന്തം നാട്ടിൽ തിരിച്ചെത്തിയതിന്റെ ഉദ്ദേശ്യം സ്പഷ്ടമായില്ല. റാണി ലക്ഷ്മി എന്ന ഞാനും റാണി ച്ചേച്ചിയും തമ്മിലുള്ള ജീവിത ചരിത്രത്തിന്റെ ഏടുകൾ തുടങ്ങുന്നത് അല്പം അകലെയുള്ള സ്വകാര്യ സ്കൂളിൽ ജോലിക്കു പോകാൻ തുടങ്ങുമ്പോൾ മാത്രമാണ്.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയിലുള്ള ഇരുചക്ര വാഹന യാത്രകൾ. പിൻസീറ്റിൽ ചേച്ചിയോടൊപ്പം പറ്റിച്ചേർന്നു പോകുമ്പോൾ സൂര്യനു കീഴെയുള്ള എല്ലാ വാർത്തകളും ഞങ്ങൾക്കു വിഷയമാകും. ഈ സമയം തന്നെയാണ് തന്റെ പ്രണയത്തിന്റെ ചുരുൾക്കെട്ടഴിച്ചിരുന്നതും, ആത്മാവിനെ തൊട്ടറിഞ്ഞ പ്രണയ കഥകൾ എന്റെ മനസ്സിലും പ്രണയത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചിരുന്നു.
” ഷെമീറിക്കാന്റെ ജാതീം മതോം നോക്കിയല്ല ഞാൻ സ്നേഹിച്ചേ . ഇക്കാനൊരു മനുഷ്യനാണോന്നേ ചിന്തിച്ചുള്ളൂ. ഇക്കാനെപ്പോലൊരാളെ എന്റെ ജീവിതത്തില് കണ്ടിട്ടില്ല”.
പ്രവാസി മലയാളിയായ ഷെമീറിക്കായും ഒത്തുള്ള കുടുംബ ജീവിതത്തിന്റെ ആത്മ സംതൃപ്തി ആ വാക്കുകളിൽ തെളിയും.
” ചേച്ചി എന്താ പിന്നെ ഇങ്ങു പോന്നെ. ഇക്കാ ന്റെ നാട്ടില് നിന്നാ പോരായിരുന്നോ?”.
ഒളിപ്പിച്ചു വച്ചിരുന്ന ആകാംക്ഷ വാക്കുകളിൽ കൂടി പുറത്തു വന്നു.
” ഷെമീറിക്കാനെ പോലെ തന്നെയാ എനിക്കീ നാടും. രണ്ടിനോടും എനിക്കു സ്നേഹമാ. എന്റെ ആഗ്രഹങ്ങൾക്കൊന്നും എതിരുനില്ക്കാത്ത ഇക്കാ എന്റെ ഈ ആഗ്രഹവും സാധിച്ചു തന്നു. ”
ഇതു പറയുമ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
” ഞാൻ മതം മാറി എന്നു കരുതി എനിക്ക് ന്റെ കണ്ണനേം കാവും അമ്പലോം ഒക്കെ മറക്കാനാവോ?”
ഇതു പറഞ്ഞ് ചേച്ചി എനിക്ക് കേൾക്കാനായി മനോഹരമായ ശബ്ദത്തിൽ പാടി.
” തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായി പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ ” .
പാട്ടുകൾക്കും കഥകൾക്കുമൊപ്പം ഞങ്ങളുടെ സൗഹൃദവും വളർന്നു. ഒപ്പം ചേച്ചിയ്ക്കു കിട്ടിയ പോലൊരു ജീവിതം ഞാനുമാഗ്രഹിച്ചു.
നഗരത്തിന്റെ വിഴുപ്പുകൾ പേറുന്ന ചേരികളിൽ കൂടി ചേച്ചിയോടൊപ്പം പോകുമ്പോൾ ഭിത്തി സാഹിത്യത്തിനും അശ്ലീല ചിത്രങ്ങൾക്കുമായി കണ്ണുകൾ പരതുമായിരുന്നു. എന്റെ സ്വഭാവ വൈകല്യങ്ങൾ അറിയാമായിരുന്ന ചേച്ചി ഏതോ വീടിന്റെ മുകളിൽ പ്രതിഷ്ഠിച്ച മൂന്നു കുരങ്ങൻമാരുടെ ശില്പം കാട്ടിത്തന്നു. കണ്ണും വായും ചെവിയും പൊത്തിയിരിക്കുന്ന ആ ശില്പങ്ങൾക്കുള്ള പ്രാധാന്യം വ്യക്തമാക്കാനായി ചേച്ചി പറഞ്ഞു.
“നമ്മുടെ സമൂഹത്തിൽ വേണ്ടുന്നതും വേണ്ടാത്തതുമായ ഒരുപാടു കാര്യങ്ങൾ ഉണ്ട്. ആവശ്യമുള്ള കാര്യങ്ങൾക്കു മാത്രം ചെവി കൊടുക്കുക. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ചെവി കൊടുക്കരുത്. അതു പോലെ തന്നെയാണ് കാഴ്ചയും സംസാരവും, നമുക്ക് വേണ്ടുന്ന കാര്യങ്ങൾ മാത്രം സംസാരിക്കുകയും കാണുകയും ചെയ്താൽ മതി. ആവശ്യമില്ലാത്ത കാര്യത്തിൽ നാം എന്തിന് തലയിടാൻ പോകുന്നു ”
എന്റെ ഈ സ്വഭാവത്തിന് മാറ്റം വന്നില്ലെങ്കിലും ചേച്ചിയോടുള്ള മതിപ്പു കൂടി വന്നു.
സ്കൂളില്ലാത്ത ദിവസങ്ങളിൽ ചേച്ചിയോടൊപ്പം പി.എസ്.സി. പരീക്ഷക്കുള്ള തയ്യാറെടുപ്പുകളും നടത്തി വന്നു. ജോലിക്കായുളള അപേക്ഷാ ഫോം വാങ്ങി ഒന്നിച്ച് തപാലാപ്പീസിൽ കൊണ്ടിട്ടതും ചേച്ചിയായിരുന്നു. ഹാൾ ടിക്കറ്റ് വന്നപ്പോൾ പരീക്ഷാ സ്ഥലം ഒന്നാണെന്നതും അടുത്തടുത്ത നമ്പറുകളാണെന്നതും ഞങ്ങളിൽ ഇരട്ടി സന്തോഷം ഉളവാക്കി. ഒരേ പേരായതിനാലാണ് അടുത്തടുത്തു വന്നത്. പരീക്ഷ എഴുതേണ്ടത് സംബന്ധിച്ച ചില തീരുമാനങ്ങളും എടുത്തിരുന്നു. പൊതു വിജ്ഞാന ചോദ്യങ്ങൾ ഞങ്ങളെ സംബന്ധിച്ച് വിഷമം പിടിച്ച പ്രശ്നമായിരുന്നില്ല. എനിക്കെന്നും ബാലികേറാ മലയായിരുന്ന ആംഗലേയ ഭാഷയുടെ ഉത്തരങ്ങൾ എനിക്കും ഗണിതത്തിന്റെ ഉത്തരങ്ങൾ ചേച്ചിക്കും പറഞ്ഞു കൊടുത്ത് ഉദ്യോഗലബ്ധി ഉറപ്പാക്കുക എന്ന തീരുമാനമാണെടുത്തത്.എന്റെ സഹോദരൻ ഞങ്ങൾ രണ്ടുപേരെയും കൊണ്ട് പരീക്ഷയ്ക്കു പോയി. എഴുപത്തിമൂന്ന് ഉത്തരങ്ങൾ കറുത്ത വട്ടങ്ങളിൽ ആവാഹിച്ച് ചേച്ചിക്ക് കൊടുത്തു. ഉത്തര പേപ്പറിനായി ഞാൻ കാത്തിരുന്നു. പിറകിൽ ഇരിക്കുന്ന ചേച്ചിയിൽ നിന്ന് മറുപടി കിട്ടാതെ വന്നപ്പോൾ പതിയെ “ചേച്ചി …. ചേച്ചി’ എന്നു വിളിച്ചു ശ്രദ്ധ ക്ഷണിച്ചു. കേൾക്കാത്ത മട്ടിൽ വളരെയധികം ശ്രദ്ധയോടെ എഴുതുന്ന ചേച്ചിയെ പ്രതീക്ഷയോടെ വീണ്ടും നോക്കി. ഞാൻ കണ്ട കിനാവുകളെല്ലാം വൃഥായാണെന്നു മനസ്സിലായി. പരീക്ഷയുടെ അവസാന ബെൽ മുഴങ്ങി. ഒരു സങ്കടക്കടൽ നെഞ്ചിൽ പേറിക്കൊണ്ട് കാറിനരികിലേക്കു ഓടി. ചേച്ചി പിന്നാലെയും. ഞങ്ങൾ പരസ്പരം ഒന്നും ഉരിയാടിയില്ല. സ്നേഹത്തിന്റേയും കരുതലിന്റേയും പുറംമോടിക്കുള്ളിലെ അസൂയയും താരതമ്യ ബുദ്ധിയും മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞു. നമ്മുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഒരാളെ വിലയിരുത്താനാകില്ല എന്ന ബോധ്യം എന്റെ ഉള്ളിൽ സംജാതമായി. എന്റെ ഉള്ളിൽ എന്തോ അഗ്നിപർവതം ഉരുകുന്നെന്ന് മനസ്സിലാക്കിയ ചേട്ടൻ എന്നോട് ഒന്നും ചോദിച്ചില്ല. വീട്ടിൽ ചെന്ന് കിടക്കയിലേക്ക് കമിഴ്ന്നു കിടന്നു കരയുന്ന എന്നെ അമ്മ സമാധാനിപ്പിച്ചു. പിന്നെ കുറെ കുത്തുവാക്കുകളും ,
“നിന്നോട് അന്നേ പറഞ്ഞതാ അധികം കൂട്ടു വേണ്ടാ വേണ്ടാ എന്ന് . നീ വല്ലോം അനുസരിക്കുമായിരുന്നോ. സ്വന്തം തന്തേം തള്ളേം മാനിക്കാത്തോള് ലോകത്ത് ആരെ മാനിക്കും”
ദിവസങ്ങൾ നീങ്ങി. പിന്നീട് സ്കൂളിലേക്കുള്ള യാത്രകൾ ഒറ്റയ്ക്കായിരുന്നു. ആ സ്കൂൾ അവധിക്കാലത്ത് തന്നെ എന്റെ വിവാഹവും കഴിഞ്ഞു. ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത ആ അദ്ധ്യായങ്ങൾ അവിടെ അവസാനിച്ചു. സന്തോഷിനൊപ്പം പുതിയ ഒരു കുടുംബ ജീവിതം കെട്ടി പൊക്കി കൊണ്ടിരുന്ന അവസരത്തിലാണ് ക്ഷണിക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്റെ നമ്പർ ഉണ്ടായിരുന്നില്ല. മാസങ്ങൾ വർഷങ്ങൾക്കു വഴിമാറിക്കൊടുക്കവേ ചേച്ചിയുടെ ഫോണിൽ നിന്നും എന്റെ ഫോണിലേക്ക് ഒരു സന്ദേശം വന്നു.
“എനിക്കു നിന്നെ അത്യാവശ്യമായി കാണണം ”
ഞാൻ മറുപടി കൊടുത്തില്ല.
“ദയവായി ഇവിടെ വരെ ഒന്നു വരിക”
സന്ദേശങ്ങൾ ആവർത്തിച്ചു കൊണ്ടിരുന്നു. പിന്നീട് അത് ഫോൺ വിളികളായി. ഇനി ഏത് നാടകമാണ് ആടാൻ പോകുന്നതെന്ന് ഞാനോർത്തു. അങ്ങനെ ഒരു വൈകുന്നേരം ഷെമീറിക്കാ വീട്ടിലേക്കു വന്നു. എന്നേയും സന്തോഷിനേയും നിർബന്ധിച്ച് അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. വീട്ടു മതിൽ കടന്ന് മനോഹരമായ കട്ടകൾ പാകിയ മുറ്റം കടന്ന് വീട്ടിലേക്കു ചെന്നു. വർണശബളമായ പരവതാനികളിൽ ചവുട്ടി കിടപ്പുമുറിയിലേക്കു ചെന്നു. സന്തോഷും ഷെമീറിക്കായും സംസാരിച്ചു കൊണ്ടു മുറ്റത്തു നിന്നു. ഞാൻ ചെന്നപ്പോൾ , കിടക്കുകയായിരുന്ന ചേച്ചി എഴുനേറ്റ് എന്റെ കൈകളിൽ പിടിച്ചു കരഞ്ഞു.
“നീ വന്നല്ലോ വന്നല്ലോ” എന്നു പുലമ്പി ക്കൊണ്ടിരുന്നു. വിഷാദ ഗ്രസ്തമായ അവരുടെ മുഖത്തു നിർന്നിമേഷയായി നോക്കി നിന്നു . എനിക്കു ഒന്നും മനസ്സിലായില്ല. ചേച്ചി കരഞ്ഞു കൊണ്ടു പറഞ്ഞു.
” എന്നോട് നീ ക്ഷമിക്കണം. ഞാൻ ചെയ്തത് ലോകത്തിലെ ഏറ്റവും വലിയ അപരാധമാണ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്. എനിക്ക് അടുത്ത മാസം തന്നെ ജോലിക്കു ജോയിൻ ചെയ്യണം. പറ്റുമോ എന്നറിയില്ല. എനിക്ക് ക്യാൻസറാണ്. നീ എന്നോട് ക്ഷമിക്കണം ”
എന്നു പറഞ്ഞ് നീക്കം ചെയ്ത മനോഹരമായ മാറിടങ്ങളിൽ ഒന്നിൽ തുണികൾ മൂടിയിരിക്കുന്നതു കാട്ടി തന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാൻ സ്തബ്ധയായി നിന്നു പോയി. അവരോടുള്ള അഗ്നിയുടെ ജ്വാലകൾ അപ്പോഴും അടങ്ങിയിരുന്നില്ല. തിരിച്ചു കാറിൽ വരുമ്പോൾ അറിയാതെ എന്റെ ചുണ്ടിൽ നിന്നും മൂളിപ്പാട്ടുയർന്നു.
“തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായി പൊട്ടാത്ത നൂലിൽ കെട്ടി എന്നെന്നും ചാർത്താം ഞാൻ”
ശുഭം
നല്ലൊരു കഥ. ഒഴുക്കോടെ മുന്നോട്ട് പോയി. 👌
LikeLiked by 1 person
നന്ദി
LikeLiked by 1 person