മരണ മാസ് !ബോട്ടുയാത്ര

മാഗസിനിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി തെരഞ്ഞെടുത്ത കൃതികളിൽ നിന്നും ലഭിച്ച ആ അനുഭവകഥ എന്നെ ഏറെ ആകൃഷ്ടയാക്കി. ഒന്ന്, ആ കഥ ഞാനുമായി ബന്ധപ്പെട്ടതാണ്. രണ്ട് , വളരെയധികം യാഥാർത്ഥ്യ ബോധത്തോടെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു. ഈ വർഷത്തെ ഏറ്റവും നല്ല എഴുത്തിനുള്ള സമ്മാനം നേടിയ ആ കഥ അദ്ധ്യാപികയായ ഞാനിവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വിദ്യാർത്ഥിനിയായ ദീപിക തന്റെ അനുഭവ കഥ വിവരിക്കുന്നു

ബോട്ടുയാത്ര

ഞാനും എന്റെ കൂട്ടുകാരിയായ സാറാ മറിയം തോമസുമായി ഒരു ഞായറാഴ്ച സെലിൻ ടീച്ചറുടെ വീട്ടിൽ പോയി. മുന്നേ നിശ്ചയിച്ചുറപ്പിച്ച യാത്രയൊന്നുമല്ലായിരുന്നു അത്. അവിടെ അടുത്ത് , കൂട്ടുകാരിയുടെ കല്യാണം കൂടിയ ശേഷമുള്ള പോക്കായിരുന്നു അത്. ഞങ്ങളുടെ കൂട്ടുകെട്ടിനെ കോളേജിലുള്ള പല സൂഹൃത്തുക്കളും വിളിച്ചിരുന്നത് പെട്രോളും തീപ്പെട്ടിയെന്നും അരം + അരം എന്നും ബോബനും മോളിയെന്നും ഇങ്ങനെ പല ചെല്ലപ്പേരുകളിലായിരുന്നു. എന്തു തന്നെയായാലും ഞങ്ങളുടെ അദ്ധ്യാപക പഠന കലാലയത്തിൽ ഞങ്ങൾ സൃഷ്ടിച്ച ഓളങ്ങൾ ചെറുതല്ലായിരുന്നു.

ബസിറങ്ങിയ ശേഷം, ഒരു കിലോമീറ്റർ അകലെയുള്ള ടീച്ചറുടെ വീട്ടിലേക്ക് നടന്നാണ് പോയത്. പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിൽ പറയുന്ന പോലെ നടന്നു പരിചയമാകുന്ന വഴികൾ നമുക്കു സ്വന്തമാകും. അപ്രകാരം ഈ ലോകത്തെ മുഴുവൻ സ്വന്തമാക്കാൻ ഞാനാഗ്രഹിച്ചു. വയലേലകളും അതിന്റെ മധ്യത്തായി പോകുന്ന ചെമ്മൺപാതയും എന്നെ ഏറെ ആകർഷിച്ചു .സ്വകാര്യ വാഹനങ്ങൾ മാത്രം പോകുന്ന ആ റോഡ് ചെന്നവസാനിക്കുന്നത് രണ്ടു പേർക്കു മാത്രം കഷ്ടിച്ചു നടക്കാവുന്ന ഒരു വഴിയിലാണ്. കരിയിലകളും പൂക്കളും കിടക്കുന്ന ആ വഴിയുടെ ഒരു വശത്തായി മുള്ളുവേലിയായിരുന്നു. ആ വേലിയിൽ ചെമ്പരത്തിയും മുല്ലയും പേരറിയാത്ത കുറെ ചെടികളും പടർന്നു കിടന്നിരുന്നു. കുട്ടികൾ കളിക്കുന്നതും സ്ത്രീകളും പുരുഷന്മാരും ഓരോ ജോലികളിൽ ഏർപ്പെടുന്നതും കാണാമായിരുന്നു. വഴിയുടെ മറുവശത്തുകൂടി വിശാലമായ പമ്പയാറ് ശാന്തസുന്ദരമായി ഒഴുകിയിരുന്നു. പുറമേ നോക്കിയാൽ ആ പുഴയ്ക്ക് അഗാധതയോ ഭയാനകതയോ ഒന്നും അനുഭവപ്പെട്ടിരുന്നില്ല. ഞങ്ങൾ ടീച്ചറുടെ വീട് ചോദിച്ചു ചോദിച്ചു വീട്ടിൽ ചെന്നു. ടീച്ചർ എന്നു പറഞ്ഞാൽ അധികം പ്രായമൊന്നുമില്ല. ഞങ്ങളേക്കാൾ ഏറിയാൽ നാലോ അഞ്ചോ വയസ്സിന്റെ മൂപ്പു മാത്രം.. മനോഹരമായ ചെറിയ വീടിന്റെ ഗേറ്റുതുറന്ന് അകത്തു കടന്നപ്പോൾ തന്നെ മനസ്സിലായി ആ വീട്ടിൽ ആരുമില്ലെന്ന് . ലാൻഡ് ഫോണിന്റെ നിർത്താതെയുള്ള ശബ്ദം ഞങ്ങൾക്ക് കേൾക്കാമായിരുന്നു. ഒരു ജനാല കുറ്റിയിട്ടിട്ടില്ല എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. എല്ലാ വേലകളുമൊപ്പിക്കുന്ന സാറ എന്നോടു പറഞ്ഞു.

“നമ്മൾ വന്നതിന് എന്തെങ്കിലും തെളിവു വേണ്ടേ ? അതിനൊരു വഴിയുണ്ട് ” ,

എന്ന് പറഞ്ഞ് അവൾ ബാഗിൽ നിന്നും ഒരു പേപ്പർ എടുത്ത് അതിൽ ഇങ്ങനെ എഴുതി.

” ഞാനും ദീപികയും ഇവിടെ വന്നിരുന്നു”

എന്ന്,

സാറ മറിയം തോമസ്.

ജനാല തുറന്ന് ജനാലയ്ക്കു ചേർന്നു കിടന്ന വലിയ ഊൺ മേശയുടെ മുകളിൽ പേപ്പറും പറന്നു പോകാതിരിക്കാനായി ഒരു ചെറിയ കല്ലും വച്ചു. നീളമുള്ള കമ്പുകൊണ്ടു വന്ന് കല്ലിനോടൊപ്പം പേപ്പറും നീക്കി മേശയുടെ അങ്ങേയറ്റം വച്ചു. ജനാലചേർത്തടച്ചു. വീടിന്റെ കതകു തുറന്നാൽ ആദ്യമേ കാണുന്നത് ആ കുറിപ്പാണ്. ഒന്നും ചെയ്യാനില്ലാത്തതിനാൽ ഞങ്ങൾ ആ വീടിന്റെ തിണ്ണയിൽ ഇരുന്നു. പിങ്കു നിറമാർന്ന ചാമ്പയ്ക്കാമരം ഞങ്ങളെ ആകർഷിച്ചു. ആ മരം വെളുപ്പിച്ചപ്പോൾ മാത്രമാണ് ഞങ്ങൾക്കു സമാധാനമായത്. ഉപയോഗശൂന്യമായ കിണർ കണ്ട് സാറ വിവരിച്ചു.

” ഇവിടെയുള്ളവർ കിണർ വെള്ളം ഉപയോഗിക്കാറില്ല. വെള്ളത്തിന് വല്ലാത്ത ചുവയാണ്. ആറ്റുവെള്ളമോ മഴവെള്ളമോ ലൈൻ പൈപ്പിലെ വെള്ളമോ, ശുദ്ധമായ വെള്ളം കിട്ടാത്തതാണ് ഏറ്റവും വലിയ പ്രശ്നം. എന്നു കരുതി ആളുകൾ കുറവാണെന്നു കരുതേണ്ട കേട്ടോ . ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനം ഞങ്ങൾ ആലപ്പുഴ ക്കാർക്കാണ്. ”

പരിസരം വീക്ഷിക്കാനായി ഞങ്ങൾ വീടിനു പുറത്തിറങ്ങി.ആറിന്റെ തിട്ടയിൽ കൂടി നടന്നു. തെങ്ങിൽ ബന്ധിച്ചിരുന്ന ചെറിയ വള്ളം ചൂണ്ടി അവൾ ചോദിച്ചു.

“ദീപാ നീ വഞ്ചി തുഴഞ്ഞിട്ടുണ്ടോ ” ?

“ഇല്ല”

“നിനക്കു തുഴയണോ ” ?

“ആഗ്രഹമുണ്ട് ”

” നമുക്കൊന്നു ചോദിച്ചാലോ ” ?

പുഴയുടെ വക്കത്തായി തുണി കഴുകുന്ന യൗവനം പിന്നിട്ട കറുത്ത നിറമുള്ള സ്ത്രീ . ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ മുഖത്തു തെളിയുന്നുണ്ട്.

“ചേച്ചി, ആ വഞ്ചിയൊന്നു തരുമോ?” സാറ ചോദിച്ചു.

” വഞ്ചിയോ ! അതിനു നിങ്ങൾക്കു തുഴയാനറിയുമോ?” ചേച്ചിയുടെ മറുപടി

“പിന്നെ . ഇവൾക്കു നന്നായറിയാം. ഇവളുടെ വീട് കുട്ടനാട്ടിലാ.” ഞാൻ സാറയെ താങ്ങി .

കാണാൻ സുന്ദരികളായ ഉയർന്ന കുലത്തിൽ ജനിച്ചെന്നു തോന്നിക്കുന്ന രണ്ടു യുവതരുണിമാരോട് തരാമെന്നോ തരത്തില്ലെന്നോ പറയാനാവാത്ത ആ വികാരം ചേച്ചിയുടെ മുഖത്തു നിന്നു വായിച്ചെടുത്തു.

“പന്ത്രണ്ടേ കാലിനൊരു ബോട്ടുണ്ട്. അതു പോട്ടെ പിന്നെ തരാം. ബോട്ടു വന്നാലെ ഓളം തല്ലി ഈ വള്ളങ്ങളൊന്നും നിക്കൂല . അതോണ്ടാ പറഞ്ഞെ ” . ആവശ്യം ഞങ്ങളുടേതായിരുന്നു.

” ഇല്ലേച്ചി, ഇപ്പോൾ പതിനൊന്നര ആയതേ ഉള്ളൂ. അതിനു മുന്നേ ഞങ്ങൾ വന്നോളാം ” ഞാൻ പറഞ്ഞു.

മനസ്സില്ലാമനസ്സോടെ വള്ളം തന്നു. ഞങ്ങളുടെ സുരക്ഷിതത്വത്തിനായി തുണി അലക്കാനെന്ന വ്യാജേന അവർ അവിടെ നിന്നു . സാറ വള്ളം എടുത്തു. വള്ളത്തിന്റെ രണ്ടറ്റത്തായി മുഖത്തോടു മുഖം നോക്കി ഞങ്ങൾ ഇരുന്നു. തുഴ രണ്ടു വശത്തായി വീശി പുഴയുടെ അരികിൽ നിന്നും മധ്യത്തിലേക്കു നീങ്ങി. അപ്പോൾ ഞാനനുഭവിച്ച മാനസിക സുഖം വിവരണാതീതമാണ്.

“ദീപാ , നിനക്കു തുഴയണോ?”

അവൾ പതുക്കെ മന്ദ്രിച്ചു.

“എനിക്കറിയില്ലല്ലോ ” ?

തുഴ ഇങ്ങനെ രണ്ടു വശത്തായി വീശിയാൽ മതി.എന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും വള്ളം തുഴഞ്ഞു. എനിക്കത്ഭുതം അടക്കാനായില്ല. തുഴ ഒരിക്കലും ആഴങ്ങളിലേക്കു പോകുന്നില്ല. വെള്ളത്തിന്റെ മേൽപ്പരപ്പിൽ മാത്രം.എന്നിട്ടുമെങ്ങനെ വള്ളം നീങ്ങുന്നു. തുഴ അവളുടെ കയ്യിൽ കൊടുത്തു. കുറച്ചു കൂടി ചെന്നപ്പോൾ അവൾ പറഞ്ഞു.

“ദീപാ , നീ എന്നെ വഴക്കു പറയുമോ ” ?

“എന്താ” ആകാംക്ഷ അടക്കാനായില്ല.

“എനിക്കു വള്ളം റിവേഴ്സ് എടുക്കാനറിയില്ല. വള്ളം തുഴഞ്ഞു മുന്നോട്ടു പോകാനേ അറിയൂ “.

എനിക്കു ദേഷ്യവും സങ്കടവും എല്ലാം വന്നു. വയറു കാളി. നാളത്തെ പത്രത്തിൽ വാർത്ത വരും എന്നാണ് പെട്ടെന്ന് മനസ്സിലോടി വന്നത്.

“തിരുവനന്തപുരം സ്വദേശിയായ യുവതി ആലപ്പുഴ പമ്പയാറ്റിൽ മുങ്ങിമരിച്ചു. അധ്യാപക പഠന കലാലയത്തിലെ വിദ്യാർത്ഥിനിയായ യുവതി തന്റെ പെൺ സുഹൃത്തുമൊത്ത് തങ്ങളുടെ അധ്യാപികയുടെ വീടു സന്ദർശന വേളയിലാണ് ദാരുണാന്ത്യം സംഭവിച്ചത് ” . പെട്ടെന്ന് പല മുഖങ്ങൾ മനസ്സിലൂടെ മിന്നിയാളി. സാറ എന്നെ സാന്ത്വനിപ്പിക്കാനായി ഇങ്ങനെ പറഞ്ഞു.

“പേടിക്കയൊന്നും വേണ്ട. വള്ളം മറിഞ്ഞാലും വള്ളം പൊങ്ങി കിടക്കുകയേ ഉള്ളൂ. നീ മുറുക്കി വള്ളത്തിൽ പിടിച്ചിരുന്നാൽ മതി ” .

എന്റെ കയ്യുടെ ശക്തി മുറുകി.

“ബോട്ടു വരാറായി. നിങ്ങൾ എളുപ്പം വാ ” ചേച്ചി ഉറക്കെ വിളിച്ചു പറഞ്ഞു. പുഴയുടെ മധ്യത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും തുഴഞ്ഞുനീങ്ങുന്ന യുവതികൾ ചെറുപ്പക്കാരുടെ ശ്രദ്ധാകേന്ദ്രമായി. ശർക്കരയിൽ ഈച്ച പൊതിയുന്ന പോലെ അവരും കറങ്ങി നിന്നു .അതിൽ ഒരുവൻ ചോദിച്ചു

” നിങ്ങളെങ്ങോട്ടാ ”

” ഞങ്ങൾക്ക് കരയിലോട്ടു വരാനറിയില്ല ”

“പേടിക്കേണ്ട ഞങ്ങളിതാ വരുന്നു ” .

സഹായം ചെയ്യാൻ മുട്ടിനിന്ന രണ്ടു പേർ ഒരു വള്ളത്തിൽ കയറി ഞങ്ങളുടെ അരികിലേക്കു വന്നു. എനിക്കാശ്വാസമായി. ഞങ്ങളുടെ വള്ളത്തിൽ കയറിയ ഒരുവൻ തുഴ കയ്യിലെടുത്ത് കരയിലേക്ക് തുഴയുമ്പോൾ ഒളിംമ്പിക്സിൽ പങ്കെടുത്ത് വിജയം കൈവരിച്ച മത്സരാർത്ഥിയുടെ മുഖമായിരുന്നു. കരയിൽ കയറുമ്പോൾ ഫോൺ നമ്പർ തരാനും മറന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ രണ്ടു കരയിലും ശക്തമായ ഓളങ്ങളുണ്ടാക്കിക്കൊണ്ട് യാത്രാബോട്ട് കടന്നുപോയി. അതിന്റെ ശക്തമായ അലകൾ കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. പോകുന്ന വഴിയിൽ ഫോൺ നമ്പർ വലിച്ചു കീറി കളഞ്ഞു .മൂന്നു മണിയോടെ ഹോസ്റ്റലിലെത്തി. ആരോടും ഒന്നും പറഞ്ഞില്ല.

പിറ്റേന്ന് രാവിലെ ടീച്ചറെ കാണാനായി സ്റ്റാഫ് റൂമിലെത്തി. തലേന്ന് വീട്ടിൽ ചെന്ന കാര്യം പറഞ്ഞു.

“നിങ്ങൾ വന്ന കാര്യം പറയേണ്ടതില്ല. ബസ് സ്റ്റോപ്പിൽ നിന്ന് വീടുവരെ ഇതു കേട്ടുകൊണ്ടാണ് ചെന്നത് ” . ടീച്ചറിന്റെ മറുപടി കേട്ട് ഞങ്ങൾ ചിരിച്ചു പോയി.

Leave a comment