
ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതും എന്നെ ആകർഷിച്ചതും എന്നാൽ കുട്ടികളും മുതിർന്നവരും വായിച്ചിരിക്കേണ്ടതുമായ ഒരു പുസ്തകമാണ് ടോട്ടോച്ചാൻ. തെത്സുകോ കുറോയാനഗി എന്ന ‘ജാപ്പനീസ് എഴുത്തുകാരിയുടെ വിവർത്തനമാണ് ഈ പുസ്തകം. നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം വളരെയേറെ വായനക്കാരെ ആകർഷിച്ചതാണ്.
വിദേശ അംബാസിഡർ ആയും മാധ്യമ (റേഡിയോ) പ്രവർത്തകയായും ജോലി ചെയ്ത് വളരെയധികം പ്രശസ്തി നേടിയ തെത്സുകോ കുറോയാനഗിയുടെ കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകമാണിത്. ടോട്ടോച്ചാൻ എന്ന ഓമനപ്പേരിലറിയപ്പെടുന്ന എഴുത്തുകാരി തന്റെ ബാല്യ കാലാനുഭവങ്ങൾ ഒരു മാസികയ്ക്ക് അയച്ചു കൊടുത്തു. ആ അനുഭവങ്ങൾ വായിച്ചറിഞ്ഞ ഒരു ചെറുപ്പക്കാരൻ ഈ അനുഭവങ്ങളെല്ലാം വെച്ച് ഒരു പുസ്തകം തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ എഴുതപ്പെട്ട പുസ്തകമാണിത്.
വികൃതികൾ കൂടിയതിനാൽ അദ്ധ്യാപകർക്ക് പഠിപ്പിക്കാനാകുന്നില്ല എന്ന പരാതിയെത്തുടർന്ന് രണ്ട് സ്കൂളുകളിൽ നിന്ന് പുറത്താക്കപ്പെട്ട അഞ്ചു വയസ്സുകാരിയായ ടോട്ടോച്ചാൻ, കോബായാഷി മാസ്റ്റർ എന്ന വൃദ്ധനായ അദ്ധ്യാപകന്റെ സ്കൂളിലെത്തുന്നു. ഒരിക്കലും കണ്ണുരുട്ടുകയോ വടി എടുക്കുകയോ ചെയ്യാത്ത മാസ്റ്റർ മറ്റുള്ള അദ്ധ്യാപകർക്കും മാതൃകയാകുന്നു. “നീ തീർച്ചയായും നല്ല കുട്ടിയാണ് ” എന്ന മാസ്റ്ററുടെ വാക്കുകൾ ടോട്ടോയുടെ മനസ്സിൽ പതിയുന്നു. ” അനുഭവങ്ങളിലൂടെ പഠിപ്പിക്കാം” എന്ന പഠന തത്വം പ്രാവർത്തികമാക്കുന്ന വിദ്യാലയത്തിലുള്ള രസകരമായ അനുഭവങ്ങളാണ് കൃതിയിലെ പ്രതിപാദ്യവിഷയം. ഏകദേശം നാൽപ്പതു കുട്ടികൾ മാത്രമുള്ള പ്രൈമറി സ്കൂളായി പ്രവർത്തിക്കുന്നത് ട്രെയിനിന്റെ ബോഗികളാണ്.. ഓരോ ക്ലാസുകളും ഓരോ ബോഗികൾ.
കൃഷിയുടെ ബാലപാഠങ്ങൾ മനസ്സിലാക്കാൻ കൃഷിക്കാരനോടൊപ്പം വയലിലിറങ്ങുകയും അടുക്കളയിലെ പാചകം പഠിക്കാൻ സ്വയം പാചകം ചെയ്തും പ്രകൃതിയെ മനസ്സിലാക്കാൻ പ്രകൃതിയിലേക്കിറങ്ങുകയും വെള്ളത്തിൽ നീന്താൻ പഠിക്കുകയും ചെയ്യുന്ന കുട്ടികൾ , ഇന്നത്തെ കുട്ടികൾക്ക് മാതൃകയാവേണ്ടവരാണ്. സ്കൂളിൽ സംഘടിപ്പിക്കുന്ന നിരവധി ക്യാമ്പുകളെക്കുറിച്ചും ഈ കൃതി വിവരിക്കുന്നു. ഓരോ കുട്ടികൾക്കും കയറാനും ഇറങ്ങാനും സ്വന്തമായ മരങ്ങൾ ഉള്ള വിദ്യാലയപരിസരങ്ങളും നമുക്ക് ഓരോ കഥ പറഞ്ഞു തരുന്നു.
ഉച്ചഭക്ഷണത്തിന് കടലിൽ നിന്നുള്ളതും കരയിൽ നിന്നുള്ളതും നിർബന്ധമാണ്. കടലിൽ നിന്ന് പായലോ മീനോ എന്തുമാകാം. ഏതെങ്കിലും കാരണവശാൽ ഒരിടത്തു നിന്നുള്ള ഭക്ഷണമേ കൊണ്ടുവന്നുള്ളൂ എങ്കിൽ കൊണ്ടുവരാത്ത ഭക്ഷണം സ്കൂളിൽ നിന്ന് കൊടുക്കും. ടോട്ടോച്ചാന്റെ വിദ്യാലയ ജീവിതത്തിലെ ഒരു രസകരമായ അനുഭവം വിവരിക്കാം.
ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് വരാന്തയിൽ കൂടി ഉലാത്തുകയായിരുന്ന കൊച്ചു ടോട്ടോ ഒരു ന്യൂസ് പേപ്പർ നിവർത്തി വച്ചിരിക്കുന്നതു കണ്ടു. പേപ്പറിന്റെ മധ്യത്തായി ചാടണം എന്ന ഉദ്ദേശത്താൽ പിറകോട്ട് ഒന്നാഞ്ഞ് ഒറ്റയോട്ടത്തിന് പേപ്പറിന്റെ നടുക്കുചാടി. സെപ്റ്റിക് ടാങ്ക് തകർന്നതിനാൽ ആ കുഴി അടച്ചു വച്ചിരുന്ന പേപ്പറായിരുന്നു അത്. കുട്ടികൾ വീഴാതിരിക്കാനായി അവിടെ കാവലിനായി ഒരു വാച്ചറിനെ നിർത്തിയിരുന്നു. ആ സമയം എന്തോ ആവശ്യത്തിനായി ഒന്നു മാറിയ സമയത്താണ് ടോട്ടോ ആ വഴി വന്നത്. കുഴിയിൽ വീണ കുട്ടിയെ പൈപ്പിന്റെ താഴെ നിർത്തി വൃത്തിയാക്കിയതും വാച്ചറായിരുന്നു. അന്ന് സ്കൂൾ വിട്ടു തിരികെ പോകുമ്പോൾ അമ്മ കൊച്ചു ടോട്ടോയെ ഉപദേശിച്ചു “ടോട്ടോ നീ എന്തു ചെയ്യുന്നതിനു മുമ്പും ആലോചിച്ചിട്ടേ ചെയ്യാവു എന്ന് മുമ്പും പറഞ്ഞിട്ടില്ലേ ” . അമ്മ അങ്ങനെ പറഞ്ഞതിന് ഒരു കാരണമുണ്ടായിരുന്നു. ഒരു ദിവസം ടോട്ടോ സ്കൂൾ വിട്ടു തിരികെ വരികയായിരുന്നു. അപ്പോഴാണ് ഒരു ഉയർന്ന കൂന കണ്ടത്. കൗതുകം തോന്നിയ ടോട്ടോ അതിന്റെ മധ്യഭാഗത്തായി ചാടി വീണു. വീടിനു പൂശാനായി കുമ്മായം കലക്കി വച്ചതായിരുന്നു അത്. അതിന്റെ മുകൾ ഭാഗത്തായി മണലു തൂവിയിരുന്നതിനാൽ മറ്റുള്ളവർക്കു മനസ്സിലാക്കാൻ പ്രയാസമായിരുന്നു. ടോട്ടോയെ കാണാഞ്ഞ് അമ്മ തിരക്കി വന്നപ്പോഴാണ് കുമ്മായത്തിൽ പുതഞ്ഞുകിടക്കുന്ന ടോട്ടോയെ കണ്ടത്. കുട്ടിയെ രക്ഷിച്ചു കൊണ്ടുപോയപ്പോഴും അമ്മ ഉപദേശിച്ചു “ടോട്ടോ നീ എന്തു ചെയ്യുന്നതിനു മുമ്പും ആലോചിക്കണം ” ഇത്തരം രസകരമായ ധാരാളം അനുഭവങ്ങൾ വിവരിക്കുന്ന ഈ പുസ്തകത്തിലെ സംഭവങ്ങൾ നടക്കുന്നത് ജപ്പാനിലാണ്. 1945 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനിൽ ബോംബിട്ടപ്പോഴാണ് ഈ വിദ്യാലയം തകർന്നത്. രാത്രിയിലായതിനാൽ ആളപായമുണ്ടായില്ല. വളരെ കുറച്ചു കാലം മാത്രമേ ഈ സ്കൂൾ പ്രവർത്തിച്ചുള്ളൂവെങ്കിലും എല്ലാ കുട്ടികളേയും പ്രഗല്ഭരാക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു. ഇവിടെ പഠിച്ച എല്ലാ കുട്ടികളും സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശസ്തരായി. വളരെക്കാലം കഴിഞ്ഞ് ടോട്ടോ എന്ന തെത് സുകോ കുറോയാനഗി തന്റെ വിദ്യാലയം നിന്നിരുന്ന സ്ഥലം കാണാനായി കാറിൽ പുറപ്പെടുന്നു. സ്കൂൾ നിൽക്കുന്ന ഭാഗത്തേക്ക് പോകാനായി ഗേറ്റ് കടന്നപ്പോൾ തന്നെ, “പാർക്കിംഗിന് സൗകര്യമില്ല ” എന്ന് വാച്ചർ മുന്നറിയിപ്പു നൽകി. ഉടനെ വരുമെന്ന അറിയിപ്പോടെ ആ ഭാഗത്തേക്ക് ചെന്നപ്പോൾ കണ്ടത് അംബരചുംബികളായ പാർക്കിംഗ് മാളുകളാണ്. പോയതു പോലെ തിരിച്ചു വരുമ്പോൾ അവരുടെ കണ്ണുകളിൽ നിന്ന് അറിയാതെ രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു.
ശുഭം.
എന്റെ കയ്യിൽ ഇപ്പോഴുമുണ്ട് ടോട്ടച്ചൻ 😍
LikeLiked by 1 person
👍
LikeLiked by 1 person