പുച്ഛം

ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യവും അതേ അളവിൽ പുച്ഛഭാവവും കൂടി സമന്വയിപ്പിച്ചാൽ എന്റെ മേലുദ്യോഗസ്ഥയായ സൂസൻ ഫിലിപ്പിന്റെ മുഖമായി. ആരേയും അധികം പേടിക്കാത്ത എന്നിൽ അവർ ഭീതിയുടെ മുളകൾ നട്ടുപിടിപ്പിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ ഓർത്താണ് ഞാനിവരെ ഭയപ്പെട്ടിരുന്നത്. ഞാൻ നേരിടുന്ന അരക്ഷിതാവസ്ഥകളും ഇതിനൊരു കാരണമായിരുന്നു. കഴിഞ്ഞ ഒൻപതു വർഷക്കാലയളവിനുള്ളിൽ ഒരിക്കൽ പോലും എന്നെ നോക്കി ചിരിച്ചിട്ടില്ലെന്നാണ് എന്റെ ഓർമ. ദൃഢമായ മുട്ടത്തോടിനുളളിലെ ചീഞ്ഞ മുട്ട പോലുള്ള എന്റെ കുടുംബ ജീവിതം എന്നെ വേട്ടയാടിയിരുന്നു.

സാധാരണ ക്ലാസുകളിലേക്കു പഠിപ്പിക്കാനായി പോകുമ്പോൾ വലിയ ആരവങ്ങളാണ് എതിരേൽക്കുക. അഞ്ച് മിനിറ്റിൽ കൂടുതൽ സമയം അവരെ അടക്കിയിരുത്താൻ എടുത്തിരുന്നു. ഒരു പിരീഡ് കഴിഞ്ഞ് അടുത്ത പിരീഡിൽ പഠിപ്പിക്കാനായി ഏഴാം ക്ലാസ്സിൽ ചെന്നപ്പോൾ വളരെ നിശ്ശബ്ദരായിരിക്കുന്ന കുട്ടികളെയാണ് കണ്ടത്. എന്റെ ആകാക്ഷ അടക്കാനായില്ല.

“ഗുഡ് മോർണിംഗ് ”

പറഞ്ഞ് കുട്ടികളെല്ലാം നിശ്ശബ്ദരായിരുന്നു. തിരിച്ചു

“ഗുഡ് മോർണിംഗ് ”

പറഞ്ഞ് കയ്യിലിരുന്ന ബുക്കുകളെല്ലാം മേശയുടെ മുകളിൽ വച്ച് രണ്ടു കയ്കളും ഉയർത്തി തെല്ലുറക്കെയായി അവരോടു ചോദിച്ചു

“ഇന്നെന്തു പറ്റി എല്ലാരും മിണ്ടാതിരിക്കാൻ”

അവരിൽ നിന്ന് പ്രതികരണമൊന്നും കാണാതെ ആയപ്പോൾ വീണ്ടും ഞാനാരാഞ്ഞു.

“എന്തെടോ എന്തുപറ്റിയെടോ!”

പിന്നെ ഞാൻ ക്ലാസ് ഒന്നാകെ വീക്ഷിക്കാൻ തുടങ്ങി. അപ്പോൾ എന്റെ നോട്ടം തുറിച്ചു നിന്നു എന്നെ തന്നെ നോക്കുന്ന രണ്ടു കണ്ണുകളിൽ ചെന്നുപെട്ടു. ക്ലാസിലേക്കുള്ള പ്രവേശന ദ്വാരത്തിന്റെ എതിർ വശത്തുള്ള ജനലഴികളിൽ പിടിച്ച് കുട്ടികളെ നോട്ടത്തിന്റെ മുൾമുനകളിൽ നിർത്തുന്ന ഞങ്ങളുടെ പ്രധാനാധ്യാപിക സൂസൻ ഫിലിപ്പ്. എന്റെ ശരീരമാസകലം വിറച്ചു. വിറയൽ എന്റെ ശബ്ദത്തേയും ബാധിച്ചു.

” ഞാനെന്തിനു വിറയ്ക്കണം. നീ ഒരു അമ്മയല്ലെ. മാതൃകാദ്ധ്യാപികയല്ലെ. നിന്നെ സ്നേഹിക്കുന്ന ഒരുപാട് കൂട്ടികളില്ലെ”

എന്നോടു സ്വയം ചോദിച്ചു. എന്റെ ശക്തി ഞാൻ വീണ്ടെടുത്തു. എന്റെ ചിന്തകളെയും മനസ്സിനെയും നേർവഴിക്കു കൊണ്ടുവരാൻ വളരെ സമയമെടുത്തു. ഒരു പക്ഷെ എന്റെ ചോദ്യവും രീതിയുമെല്ലാം അവരിൽ ചിരി ജനിപ്പിച്ചേക്കാം. വളരെ ഗൗരവകരമായ മുഖഭാവം ഉൾക്കൊണ്ട് വളരെ പതുക്കെ അടുത്ത ക്ലാസിന്റെ വാതിലിലേക്ക് അവർ നീങ്ങി.

എനിക്കുണ്ടായ ഈ അനുഭവം ചെറുപ്പക്കാരിയായ സഹ അദ്ധ്യാപികയായ സാറയോടു പറഞ്ഞു. അവൾ വളരെ വികാരതരളിതയായി തനിക്കുണ്ടായ അനുഭവം എന്നോട് പങ്കു വെച്ചു

“മിസ്സെ ഞാനൊരിക്കലും മറക്കില്ല മിസ്സേ ഇവരെ ”

ദീർഘനിശ്വാസം വിട്ട് തുടർന്നു.

“കഴിഞ്ഞ വർഷം എന്റെ മോനെ എട്ടു മാസം ഗർഭിണിയായപ്പോൾ ഒരു ദിവസം ആറാം ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ എനിക്കു ദാഹിച്ചിട്ടു നിക്കാൻ വയ്യ. മേശപ്പുറത്തിരുന്ന ബോട്ടിലിൽ നിന്ന് ഒരു കവിൾ വെള്ളം കുടിച്ചിട്ട് പതുക്കെ കസേരയിലോട്ട് ഇരിക്കാനിങ്ങനെ പാതി വന്നപ്പോൾ എന്റെ പൊന്നീശോയേ ഇവരെന്റെ ക്ലാസിന്റെ ജനലരികിൽ നിൽക്കുന്നു. ഞാൻ പെട്ടെന്നങ്ങ് ചാടിയെഴുന്നേറ്റു .പേടിച്ചിട്ട് ഞാനറിയാതെയങ്ങ് മൂത്രമൊഴിച്ചു”

ഞാൻ വളരെ സഹതാപത്തോടെ ആ പെൺകുട്ടിയുടെ മുഖത്തു നോക്കി.

“എന്നിട്ട് എന്തു ചെയ്തു ” ആകാംക്ഷ ഉള്ളിലൊതുക്കാനായില്ല.

“എന്തു ചെയ്യാനാ . ഈർപ്പവും സഹിച്ചങ്ങനെ ഇരുന്നു. ഭാഗ്യം എന്റെ പിള്ളേരു കണ്ടില്ല”. അവൾ തുടർന്നു.

“അവരനുഭവിക്കും മിസ്സേ അവരനുഭവിക്കും ”

അടുത്ത ബെല്ലിന്റെ ഒച്ച കേട്ട് വേഗത്തിൽ അടുത്ത ക്ലാസ്സിലേക്കു പോകുമ്പോൾ ആ പെൺകുട്ടിയുടെ ശബ്ദം കാതുകളിൽ വന്നലച്ചു..

[കുറിപ്പ് – ചില സ്കൂളുകളിലും തുണിക്കടകളിലും ജ്യൂവലറികളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് ഇരിക്കാൻ പാടില്ല എന്ന അലിഖിത നിയമം നിലവിലുണ്ട് ]

ശുഭം …..

3 thoughts on “പുച്ഛം

Leave a comment