ബോൺസായ്

പതിവിലും നേരത്തെ രാധിക എഴുനേറ്റു. അന്ന് ഉച്ചയ്ക്ക് നടക്കുന്ന പി എസ്. സി പരീക്ഷയിൽ പങ്കെടുക്കേണ്ടതിനാൽ ഒരു മണിക്കൂർ പഠിക്കാമെന്നു വെച്ചു. പഠന ശേഷം നേരെ അടുക്കളയിൽ ചെന്നു. അടുക്കളയിലെ പാത്രങ്ങളോടു മല്ലിട്ടു. താനും പച്ചക്കറികളുമായുള്ള സംഭാഷണ വേളയിലാണ് ഒരു ചോദ്യം മനസ്സിലേക്കു വന്നത്.

“ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ” ആരാണ്?

“ദൈവമേ ! ഓർമ്മ കിട്ടുന്നില്ലല്ലോ?” ആത്മഗതം ഓതി. “കോഫി അന്നൻ “അല്ല വേറെ ആരോ? ഓടി ഫോണെടുത്തു ഗൂഗിൾ സെർച്ച് ചെയ്തു.

“ആന്റോണിയോ ഗുട്ടറീസ് ”

അല്ലെങ്കിലും അവൾ ഇങ്ങനെയാണ്. ഒരു സംശയം വന്നാൽ തീർക്കാതെ രക്ഷയില്ല. ഉറങ്ങാൻ നേരം

“കതകടച്ചോ?”

” ടോയ് ലറ്റിൽ പോകണോ?”

എന്ന് സംശയം വന്നാൽ മതി, സംശയ ദൂരീകരണം നടത്തിയാലേ ഉറക്കം വരൂ. അടുക്കളയിൽ ചെയ്യേണ്ട ജോലികളൊക്കെ നടത്തി ഭർത്താവിനെ സമീപിച്ചു.

” രാജേട്ടാ, വണ്ടിക്കൂലി വേണം. ഒന്നരക്കാണ് എക്സാം “.

“നീ റെഡിയാക്, തരാം ”

പണം തരുന്നതിന്റെ ബുദ്ധിമുട്ട് വാക്കുകളിൽ ദ്യോതിച്ചു. രാധിക തന്റെ മകളെ കുളിപ്പിച്ചു നിർത്തി. മോളെ നോക്കാൻ ആരുമില്ലാത്തതിനാൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാമെന്നു അച്ഛൻ പറഞ്ഞിരുന്നു. ഈ പ്രായത്തിലും അച്ഛൻ അനുഭവിക്കുന്ന ബദ്ധപ്പാടോർത്ത് വിഷമം വന്നു. ജീവിതത്തിന്റെ നല്ല സമയങ്ങളിൽ വല്ല നാട്ടിലും കിടന്ന് കഷ്ടപ്പെട്ടു. രണ്ടു പെൺ മക്കളെ നന്നായി പഠിപ്പിച്ചു. ഇളയ മകളായ അവളോട് അച്ഛൻ എപ്പോഴും പറയുമായിരുന്നു.

“നീ എന്റെ മോനാണ്”.

അച്ഛൻ അവളിൽ തങ്ങളെ സംരക്ഷിക്കാൻ ആവുന്ന ഒരു ആൺകുട്ടിയെ ആണ് കണ്ടത്. ഒരു ആൺകുട്ടിയെ പോലെയാണ് അവൾ വളർന്നതും.

“രാജേട്ടാ, വണ്ടിക്കൂലി ”

അവൾ ആവർത്തിച്ചു. കയ്യിൽ വച്ചു തന്ന പണം കണ്ട് അവൾ അമ്പരന്നു.

“ഏട്ടാ, ഈ പണം കൊണ്ട് പോയി വരാനാകില്ല ”

തന്റെ നിസ്സഹായത ബോധ്യപ്പെടുത്താൻ അവൾ ശ്രമിച്ചു.

” ഇതു കൊണ്ടുപോകാമെങ്കിൽ പോയാൽ മതി. ചോദിക്കുമ്പം ചോദിക്കുമ്പം പണം എടുത്തു തരാൻ നീ എന്നെ വല്ലോം ഏല്പിച്ചിട്ടുണ്ടോ”?

ഭർത്താവിന്റെ മറുപടിയിൽ തൃപ്തയായില്ല.വണ്ടിക്കൂലി കൃത്യമായി കണക്കുകൂട്ടിയുള്ള കൊടുക്കലാണ്.

“ഡാ, കറന്റ് ബില്ല് വന്നിട്ടുണ്ട് ”

അമ്മ മകന് പിന്തുണ പ്രഖ്യാപിച്ചു. നല്ലൊരു ദിവസമായി സംസാരം നീണ്ടു പോകണ്ട എന്നു കരുതി വായ അടച്ചു. സ്ത്രീകൾ വീട്ടുജോലി ചെയ്യുന്നതിന് ശമ്പളം കൊടുക്കണമോ? എന്ന ചർച്ച കണ്ടു.. അതിനെ എതിർത്തുകൊണ്ട് ഫേസ്ബുക്കിൽ ഇട്ട അഭിപ്രായങ്ങളും ഓർത്തു. ഇങ്ങനെയുള്ള മൈക്കുണാച്ചൻ മാരുടെ ഭാര്യമാർക്കാണ് വേതനം വേണ്ടത്.

“മൈക്കുണാച്ചൻ ” നിഘണ്ടുവിൽ ഉള്ള വാക്കാണോ ? തീക്ഷ്ണമായ അർത്ഥങ്ങൾ ഉൾക്കൊള്ളാൻ തനിക്കു മാത്രം ഉപയുക്തമായ വാക്കുകളുണ്ട്. ശക്തമായ അനുഭവങ്ങളുടെ ചൂളയിൽ ഉരുവം കൊണ്ട പദങ്ങൾ. ക്ണാപ്പൻ, കൊമ്മട്ടിക്കാ ഇങ്ങനെ പല നൂതന പദങ്ങളുടെ സ്രഷ്ടാവ് . മോളെ കൂട്ടിക്കൊണ്ടുപോകാനായി രാധികയുടെ അച്ഛൻ വന്നു. സ്കൂട്ടറുമായി അച്ഛൻ മുറ്റത്തു തന്നെ നിന്നു .

“കേറുന്നില്ലേ അച്‌ഛാ ?”

“വീട്ടിൽ ചെന്നിട്ട് ജോലിയുണ്ട്. കേറാൻ നേരമില്ല മോളേ”

“നിനക്കു പൈസ വല്ലതും വേണോ?”

വേണമെന്നോ വേണ്ടന്നോ പറയാൻ തോന്നിയില്ല. തന്റെ മാനസികാവസ്ഥ എന്താണെന്ന് അച്ഛനറിയാം. ആയിരം രൂപ കയ്യിൽ വച്ചു തന്നപ്പോൾ അറിയാതെ മനസ്സു തേങ്ങി. ഈ പ്രായത്തിലും മക്കൾക്കുവേണ്ടി ഓടി നടക്കുന്നു. ചിന്തകൾക്കും സ്വപ്നങ്ങൾക്കും കടിഞ്ഞാണിട്ട് മറ്റുള്ളവരുടെ താത്പര്യങ്ങൾക്കു വേണ്ടി ഒതുങ്ങുന്ന “ബോൺസായ് ” ആയല്ലോ താനെന്നോർത്തപ്പോൾ വിഷമം തോന്നി.

പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾ ധാരാളമുള്ളതിനാൽ പരീക്ഷാ കേന്ദ്രം അടുത്ത ജില്ലയിലായിരുന്നു. കൃത്യമായ സ്ഥലമൊന്നും അറിയില്ലായിരുന്നു. കണ്ണാടിക്കുമുന്നിൽ നിന്ന് ഒരുങ്ങിക്കൊണ്ടു നിന്നപ്പോൾ രാധിക സ്വയമൊരു അവലോകനം നടത്തി.

“താനൊരു സുന്ദരി തന്നെ. സംശയമില്ല. വെണ്ണ നിറമുള്ള ചുരിദാറും എന്റെ നിറവും തമ്മിൽ തിരിച്ചറിയാനാവുന്നില്ല. പല്ല് അല്പം പൊന്തി വരുന്നുണ്ടോ? മുപ്പതു വയസ്സു കഴിഞ്ഞിട്ടും ഒരു കുട്ടിയുടെ മാതാവായിട്ടും സൗന്ദര്യത്തിന് വലിയ ഉലച്ചിൽ തട്ടിയിട്ടില്ല”.

പട്ടണത്തിൽ നിന്നും പതിനാല് കിലോമീറ്റർ ഉള്ളിലായിരുന്നു പരീക്ഷ നടക്കുന്ന സ്കൂൾ. പട്ടണത്തിൽ എത്തിയപ്പോൾ തന്നെ മനസ്സിലായി, കൂടുതൽ ആൾക്കാരും പരീക്ഷക്കായി എത്തിയവരാണെന്ന്. അതു കൊണ്ടു തന്നെ കണ്ടു പിടിക്കാൻ വലിയ ബുദ്ധിമുട്ടികളൊന്നുമുണ്ടായില്ല. കുന്നും മലനിരകളും നില്ക്കുന്ന പ്രദേശത്തായിരുന്നു ആ ഹയർ സെക്കണ്ടറി സ്കൂൾ നിലനിന്നിരുന്നത്. ചെങ്കുത്തായ സ്ഥലത്തു കൂടിയുള്ള പടവുകൾ കടന്നു സ്കൂളിലെത്തി. നെല്ലിമരങ്ങളും മാവുകളും നില്ക്കുന്ന സ്ഥലത്തു കൂടി സ്കൂളിന്റെ മുൻ വശത്തെത്തി. ഓരോ ഉദ്യോഗാർത്ഥിയും ഇരിക്കേണ്ട മുറി രേഖപ്പെടുത്തിയ ബോർഡിന്റെ അരികിൽ അസാധാരണമായ തിരക്ക് അനുഭവപ്പെട്ടു. ആരേയും പരിചയപ്പെടാനോ പരിചയമുള്ള മുഖങ്ങൾ തിരയാനോ പോയില്ല. പഠിക്കാൻ മിടുക്കിയായിരുന്നിട്ടും ജോലി കിട്ടാത്തതിന്റെ ജാള്യതയായിരുന്നു അതിനു കാരണം. ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ റൂമിലെത്തി. കുട്ടികളുടെ സാഹിത്യ സൃഷ്ടികളും കലാ വിരുതും ബെഞ്ചിലും ഭിത്തികളിലുമൊക്കെ കാണാനുണ്ടായിരുന്നു. തന്നെ ക്ഷണിച്ച വാക്കുകൾ കണ്ടപ്പോഴേ ചിരി വന്നു.

” ശ്രദ്ധയോടെ ആസനം സമർപ്പിക്കുക ”

അവൾ സമർപ്പിച്ചു. ഒന്നു മുപ്പതിനാണ് ചോദ്യപേപ്പറിന്റേയും ഉത്തര പേപ്പറിന്റേയും വിതരണം. രണ്ടു മണിക്ക് പരീക്ഷ എഴുതി തുടങ്ങുന്ന സമയമായി നിജപ്പെടുത്തിയിട്ടുണ്ട്. ഹാൾ ടിക്കറ്റ് കൂടാതെ വേറെയും പേപ്പർ പലരുടേയും കൈയിൽ ഇരിക്കുന്നതുകണ്ടു.

“എന്താണ് വേറൊരു പേപ്പർ ”

അടുത്തിരുന്ന പെൺകുട്ടിയോട് ചോദിച്ചു. പഠിച്ചു കൊണ്ടിരുന്ന ബുക്കിൽ നിന്ന് മുഖമുയർത്തി ആ പെണ്ണു പറഞ്ഞു.

“പരീക്ഷക്ക് ഐഡന്റിറ്റി കാർഡിന്റെ കോപ്പി വേണം. അതാണിത്”.

അവൾ ഞെട്ടിപ്പോയി. കയ്യിൽ കോപ്പിയില്ല. അറിയാതെ വയറ്റിൽ നിന്നൊരു ആളലുണ്ടായി. വർഷങ്ങളായി കൂട്ടുകാരുമൊത്ത് തയ്യാറെടുക്കുന്ന പരീക്ഷ,ഒരുപാട് ഒഴിവുകൾ , അവശ്യ യോഗ്യതയേക്കാൾ അധിക യോഗ്യതകൾ. ബാഗെടുത്തു പരിശോധിച്ചു. കോപ്പി ഇല്ലന്നേയുള്ളൂ. ആധാർ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എല്ലാം ഭദ്രമായുണ്ട്. പെട്ടെന്ന് മുറിയിൽ നിന്നു പുറത്തിറങ്ങി. സ്കൂൾ അവധി ആയതിനാൽ അടുത്തുള്ള കടകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും സംശയമാണ്. പരിചയമുള്ള മുഖങ്ങൾ വല്ലതുമുണ്ടോ?. ഉദ്യോഗാർത്ഥികൾക്കൊപ്പം വന്ന മുഖങ്ങളിൽ അവളൊന്നു പരതി. അവളുടെ പരിഭ്രമം കണ്ടായിരിക്കണം ഒരു ചെറുപ്പക്കാരൻ അവളുടെ അരികിലേക്കു ചെന്നു. വൃത്തിയായി മുഖക്ഷൗരം നടത്തിയ നെറ്റിയുടെ രണ്ടു ചെന്നികളിൽ നിന്നും അല്പം കഷണ്ടി കയറിയ വെളുത്ത സൗമ്യനായ മുപ്പതിലധികം പ്രായം തോന്നുന്ന യുവാവ്.

” എന്തുപറ്റി? എന്തു വേണം?”

“ഐഡന്റിറ്റി കാർഡിന്റെ കോപ്പിയില്ല”

അവൾ അല്പം സങ്കോചത്തോടെ പറഞ്ഞു.

“സാരമില്ല, ഞാനെടുത്തോണ്ടു വരാം” . അവൾക്കാശ്വാസമായി.

” പക്ഷെ ഇവിടെ അടുത്തുള്ള കട ഇങ്ങോട്ടുവന്നപ്പോൾ തുറന്നിട്ടില്ലായിരുന്നു. ഫോട്ടോ കോപ്പി എടുക്കാൻ ഒരു കിലോമീറ്റർ പോണം”

അയാൾ സംശയിച്ചു നിന്നുകൊണ്ടു പറഞ്ഞു. അവളുടെ ഉള്ളിൽ വീണ്ടും പരിഭ്രമം നിറഞ്ഞു. പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരനോട് ഇത്ര ദൂരം പോകാനെങ്ങനെ പറയും.

“താൻ പേടിക്കേണ്ടാ, എക്സാം ഹാളിൽ കയറിക്കൊളൂ. എന്റെ കയ്യിൽ ബൈക്കുണ്ട് ” .

ഈശ്വരൻ മുന്നിൽ പ്രത്യക്ഷപ്പെട്ടതുപോലെ തന്നെ തോന്നി. ബാഗിൽ നിന്നും കോപ്പിയെടുക്കാനായി രൂപ എടുത്തു കൊടുത്തപ്പോൾ അത് നിരസിച്ച യുവാവിന്റെ കയ്യിൽ നിർബന്ധപൂർവം വെച്ചു കൊടുത്തു. പരീക്ഷ എഴുതുന്ന മുറിയുടെ നമ്പർ ചോദിച്ചുകൊണ്ടു യുവാവ് പോയി. പരീക്ഷ തുടങ്ങുന്നതിനു തൊട്ടു മുമ്പു തന്നെ ആ ചെറുപ്പക്കാരൻ ക്ലാസിന്റെ മുമ്പിലെത്തി. നന്ദിസൂചകമായ ചിരി സമ്മാനിച്ചിട്ട് ബാക്കി പൈസയും വാങ്ങി ഇരിപ്പിടത്തിലെത്തി. കോപ്പി തുറന്നപ്പോൾ രണ്ടു കോപ്പികളുണ്ടെന്ന് കണ്ടെത്തി. ഇതെന്തിന് രണ്ടു കോപ്പി എന്നു മനസ്സിൽ ചോദിച്ചു കൊണ്ട് പേപ്പർ തുറന്നപ്പോൾ അച്ചടിയില്ലാത്ത ഒരു വശത്ത് സുഭാഷ്ചന്ദ്രൻ എന്നും അടിയിൽ ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നു. നമ്പറിനോട് ചേർന്ന് വിളിക്കുക എന്നും, സ്ത്രീ സൗന്ദര്യത്തിന്റെ അനന്തസാധ്യതകളെ കുറിച്ചോർത്തപ്പോൾ ചിരിച്ചു പോയി. പരീക്ഷ അല്പം ലാഘവമായാണ് അനുഭവപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് ഒട്ടുമിക്ക ഉദ്യോഗാർത്ഥികളും ഇറങ്ങിയ ശേഷമാണ് അവളിറങ്ങിയത് . കല്പടവുകളിൽ പ്രതീക്ഷാനിർഭരമായ കണ്ണുകളോടെ നില്ക്കുന്ന ആ ചെറുപ്പക്കാരന്റെ അരികിൽ വന്ന് “താങ്ക്സ് ” എന്നു മന്ദ്രിച്ചു. ഫോൺ നമ്പറിൽ വിളിക്കാത്തത് നന്ദികേടാണെന്നറിയാമായിരുന്നു. പക്ഷെ അതിൽ പതിയിരിക്കുന്ന അപകട സൂചനകൾ മണത്തപ്പോൾ വേണ്ടാ എന്നു വെച്ചു. അന്ന് അവൾ തന്റെ ഡയറിയിൽ ഇങ്ങനെ എഴുതി

“പ്രിയപ്പെട്ട ചെറുപ്പക്കാരാ നന്ദി ….ഒരുപാട് നന്ദി …… എന്റെ വില കാട്ടി തന്നതിന് ……. എനിക്കു വളരണം … അലങ്കാര വസ്തുവായ ബോൺസായ് ആ കാനല്ല….. ഒരുപാട് ഇലകളും പൂക്കളും കായ്കളും ഉള്ളതും തണലുമേകാൻ കഴിയുന്ന ഒരു വൻ വൃക്ഷമാകാൻ ……”

ശുഭം.

Leave a comment