ക്ഷുദ്രം

ഉച്ചമയക്കത്തിന്റെ ആലസ്യം വിട്ട് ചായയിടാനായി അടുക്കളയിലേക്ക് കയറിയപ്പോഴണ് അയൽ വീട്ടിൽ താമസിക്കുന്ന ചേട്ടത്തി (ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ ) കോഴിയെ തിരക്കി വീട്ടിലേക്കു വന്നത്. അല്പ സമയം കഴിഞ്ഞ് ഒരു ബഹളം കേട്ടപ്പോൾ കാരണം അന്വേഷിക്കാനായി ഞാൻ ചെന്നപ്പോൾ കണ്ട കാഴ്ച അതിരിന്റെ മുകളിൽ ചത്തു കുത്തിയിരിക്കുന്ന ഒരു കോഴിയെയാണ്.

“ഇപ്പോ അവിടെ നിന്ന കോഴിയാണ്. ആരാണ്ട് ഇപ്പോ പിടിച്ചു കൊണ്ടുവന്നതാണ് ”

ചേട്ടത്തിയുടെ ശബ്ദം ആക്രോശത്തോടെ മുഴങ്ങി. അപ്പോഴേക്കും എന്റെ ഭർത്താവും അമ്മാവിയമ്മയും അവിടെ എത്തി ചേർന്നു.

“അവരുടെ കോഴിയെ ആരു പിടിക്കാൻ ” ഞാൻ മനസ്സിൽ പറഞ്ഞു.

” ഈ കോഴിയുടെ കാലിൽ എന്തൊക്കെയോ കെട്ടി ഇട്ടിട്ടുണ്ടല്ലോ ” അവർ കോഴിയെ കുനിഞ്ഞു നിന്നു ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴാണ് ഞാൻ കോഴിയെ ശരിക്കും കണ്ടത്. ഒരു മുറിവു പോലുമില്ലാത്ത അല്പം വലിപ്പമുള്ള കോഴി. അതിന്റെ രണ്ടു കാലുകളിലുമായി പത്തോളം വെളുത്ത നൂലിന്റെ അറ്റത്തായുള്ള ചെറിയ ചെറിയ കടലാസിന്റെ കെട്ടുകൾ. വേറൊരു നൂലിന്റെ അറ്റത്തായി വലിപ്പമുള്ള വറ്റൽ മുളക്

“ഇത് ആരോ എന്തോ ചെയ്തു കൊണ്ടു വച്ചിരിക്കുകയാണ് ” എന്തോ കണ്ടുപിടിച്ച മിടുക്കനെ പോലെ എന്റെ ഭർത്താവ് പ്രഖ്യാപിച്ചു.

“ആരും തൊടരുത് “എന്റെ അമ്മായിയമ്മയുടെ പ്രസ്താവന.

ഇതിനിടയിൽ എന്റെ ഭർത്താവ് അല്പം നീളമുള്ള ഒരു കമ്പുകൊണ്ടുവന്ന് കോഴിയുടെ കാലുകൾ ഉയർത്തിക്കാണിച്ചു. ആ കാലിൽ തൂങ്ങിക്കിടക്കുന്ന കോഴിയുടെ ആഭരണങ്ങൾ എന്നിൽ അല്പം ചിരിയാണുണർത്തിയത്. ഇതിനിടയിൽ ഒന്നുരണ്ടു വഴി യാത്രക്കാർ ഈ കൗതുകക്കാഴ്ച കാണാനെത്തിയിരുന്നു. അതിൽ ഒരു യാത്രികൻ പതിയെ ഒരു പൊതി അഴിച്ചപ്പോൾ കണ്ടത് അല്പം മഞ്ഞൾ പ്പൊടിയാണ്. മറ്റൊരു പൊതിയിൽ കടുകും . പെട്ടെന്ന് എന്തോ ഉൾപ്രേരണ സൃഷ്ടിച്ചതു പോലെ അമ്മായി രണ്ടു കയ്കളും തലയിൽ വച്ചു കൊണ്ട് ഉറക്കെ കൂകി “ഈ ഓരക്കാരോട് ഞാനെന്തോ ദോഷം ചെയ്തേ . ഞാനും എന്റെ മക്കളും ജീവിക്കുന്നതിന് ആർക്കാണോ ഇത്ര വിരോധം ” .

ബഹളം കേട്ട് അയൽക്കാർ ഓടിക്കൂടി. തങ്ങളെല്ലാം സംശയത്തിന്റെ ദൃഷ്ടിയിലാണെന്ന തിരിച്ചറിവിൽ പലരും അഭിപ്രായപ്രകടനങ്ങളിൽ നിന്നും വിട്ടു നിന്നു . ഞങ്ങളുടെ പരിസരവാസിയായ സുമുഖനായ ഒരു യുവാവ് ഈ ബഹളത്തിനിടയിലേയ്ക്ക് വരികയും എന്റെ ഭർത്താവിന്റെ തോളിൽ കയ്യിട്ടു കൊണ്ടുപോവുകയും ചെയ്തു. അഭിപ്രായങ്ങളും ചർച്ചകളും മുറുകുന്നതിനിടയിൽ ഭർത്താവ് വന്ന് എല്ലാരോടുമായി പറഞ്ഞു.

“എല്ലാരും വീട്ടിൽ പോ അവന്മാര് ഒരു കുസൃതി ഒപ്പിച്ചതാ . കോഴിയെ പൂച്ച പിടിച്ചു കൊണ്ടു വന്നപ്പോൾ അവരെറിഞ്ഞിട്ടതാ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിൽ കോഴി ചത്തുപോയി. ”

പിന്നീടാണ് ആ വലിയ സത്യം ഞാൻ മനസ്സിലാക്കിയത്. പൊതുവെ അന്ധവിശ്വാസങ്ങൾ കൂടുതലായ ക്ഷുദ്രത്തിലും കൈവിഷത്തിലും കൂടുതൽ വിശ്വസിക്കുന്ന എന്റെ ഭർത്താവിന്റെ വീട്ടുകാരെ പറ്റിക്കാനായി യുവതലമുറ ഒരുക്കിയ ഒരു ക്ഷുദ്ര നാടകം . വീട്ടിലെ പല വ്യഞ്ജന സാധനങ്ങൾ ചെറിയ ചെറിയ പൊതിക്കുള്ളിലായി കെട്ടി വക്കുമ്പോൾ ഇത് ഒരു ബോംബിനുള്ള വകയാണെന്ന് അവരറിഞ്ഞില്ല.

😊😊😊

ശുഭം

4 thoughts on “ക്ഷുദ്രം

Leave a comment