അമ്മത്തുരുത്തുകൾ

കുട്ടികളുടെ ഡ്രിൽ പീരിഡിൽ അവരെന്ത് കളിയാണ് കളിക്കുന്നതെന്ന് ഞാൻ നോക്കാറുണ്ട്.അവർ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന പീരിഡ് അതാണെന്ന് എനിക്കറിയാം . കടുത്ത വെയിലായതിനാൽ സാരിത്തുമ്പുകൊണ്ട് തലയ്ക്കു മീതെ ഇട്ടു കൊണ്ട് ഗ്രൗണ്ടിലേക്കു നടന്നു. ചുവന്ന ചരൽക്കല്ലും മണലും വിരിച്ച വിശാലമായ ഗ്രാണ്ട്. ഗ്രൗണ്ടിന്റെ അരികുകളിലായി ഗുൽമോഹറും നെല്ലിമരങ്ങളും പ്ലാവും നിൽക്കുന്നു. സൂര്യൻ മുകളിൽ കത്തി ജ്വലിക്കുന്നു ആൺകുട്ടികൾ രണ്ടറ്റത്തായി ബഹളത്തോടെ കളിക്കുന്നു. ഫുട്ബോളിന്റെ പിറകെ ഒടുന്നതിനാൽ അവരെന്നെ ശ്രദ്ധിക്കുന്നില്ല. ഇടയ്ക്ക് ചില തർക്കങ്ങളും ഉന്തുംതള്ളും എല്ലാം നടക്കുന്നുണ്ട്. പെൺകുട്ടികൾ പലയിടത്തായി നിന്നു കൊണ്ട് പ്ലാസ്റ്റിക് ട്രേ പറത്തി പിടിക്കുന്ന തിരക്കിലാണ്. ചിലർ എന്നെ കണ്ടു കൊണ്ട് സന്തോഷത്തോടെ ചിരിച്ചു. രഷ്മി കൈ പൊക്കി “ടീച്ചർ “എന്ന് വിളിച്ചു .ഞാൻ കളിച്ചുകൊള്ളാനായി ആംഗ്യം കാട്ടി. ഐശ്വര്യ അല്പം നാണത്തോടെ നിന്നു കിണുങ്ങി . ” പെണ്ണിന്റെ ഒരു നാണം . പെണ്ണുകാണാൻ വന്ന പോലെ” ഞാൻ അല്പം ഉറക്കെ പറഞ്ഞു, അവർ ചിരിച്ചു. അല്പം അകലെയായി പ്ലാവിന്റെ ചുവട്ടിലെ വേരിലിരുന്ന ഭുവന എന്നെ കണ്ട് പരിഭ്രമത്തോടെ എഴുന്നേറ്റു .” ഈ കുട്ടിക്ക് എന്തു പറ്റി” ഞാൻ മനസ്സിൽ ഓർത്തു . എല്ലാ മത്സരങ്ങളിലും സജീവമായി പങ്കെടുക്കാറുള്ള ആറാം ക്ലാസ്സുകാരിയല്ലല്ലോ ഇപ്പോൾ അവൾ . ഞാൻ പതിയെ അവളുടെ അരികിലേക്കു ചെന്നു. അവളുടെ വലിയ വട്ടക്കണ്ണുകളും എണ്ണമെഴുക്കില്ലാത്ത പാറിപ്പറന്ന തലമുടിയും വെളുത്ത മുഖവും നിഷ്കളങ്കമായ ചിരിയും എന്നെ ആകർഷിക്കാറുണ്ട്.ഞാൻ ചെന്നത് അവളെ ബുദ്ധിമുട്ടിപ്പിക്കുന്നതായി എനിക്ക് തോന്നി. ” ഭുവന എന്താണ് ഇങ്ങനെ ഒഴിഞ്ഞിരിക്കുന്നത് ? “നാണത്തിൽ കുതിർന്ന ഒരു ചിരി എനിക്കു സമ്മാനിച്ചുകൊണ്ട് ഉടുപ്പിൽ പിടിച്ചു കൊണ്ട് നിന്നു .” വീട്ടിൽ അമ്മ പറഞ്ഞോ മോൾ ഒന്നിലും പങ്കെടുക്കെണ്ട പഠിച്ചാൽ മതീന്ന് ” .”ഇല്ല ടീച്ചർ”മറുപടി എന്നെ തൃപ്തയാക്കിയില്ല. ലൈംഗിക ചൂഷണത്തിനു വിധേയമാകുന്ന പല കുട്ടികളുടെയും കഥ എനിക്കറിയാമായിരുന്നു. അത് എങ്ങനെ ചോദിക്കുമെന്നത് എന്നെ അസ്വസ്ഥയാക്കി. കുടുംബങ്ങളിൽ തന്നെ പല കുട്ടികളും ചൂഷണത്തിനു വിധേയമാക്കുന്നത് എനിക്കറിയാമായിരുന്നു. അതുകൊണ്ട് അവളെ പതിയെ പിടിച്ച്‌ എന്റെ മുന്നിലേക്ക് നിർത്തി .അവളുടെ രണ്ടു ഇടുപ്പെല്ലിനും കൂട്ടിപ്പിടിച്ചു കൊണ്ട് ആ വട്ട കണ്ണുകളിലേക്കു നോക്കി കൊണ്ടു ഞാൻ ചോദിച്ചു. “നീ എന്റെ മോളെ പോലെയാ . അമ്മ ചോദിച്ചാൽ സത്യം പറയില്ലേ? എന്റെ കുട്ടിക്ക്‌ എന്താ പറ്റീത്? എന്തുണ്ടായാലും എന്നോട് പറ. നിനക്ക് ഞാനുണ്ട്”.അവളുടെ മുഖഭാവം മാറി. കണ്ണിൽ നിന്നും കണ്ണുനീർ തുളുമ്പി. ഞാൻ അവളെ എനിലേക്കു ചേർത്തുപിടിച്ചു. “ടീച്ചറെ എനിക്കു ജട്ടിയില്ല. ആകെ ഒന്നേ ഉണ്ടായിരുന്നുള്ളു. ഇപ്പോ അത് ഇടാൻ കൊള്ളില്ല , അത് വലിഞ്ഞു പോയി “.ഒരു ഏഴാം ക്ലാസ്സുകാരിയുടെ മാനസ്സികാവസ്ഥ എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. പണ്ട് സ്കൂൾ ക്ലാസ്സുകളിൽ എനിക്ക് പാവാട മാത്രമേ ഉണ്ടായിരുന്നുള്ളു. ചുരിദാർ ഇല്ലാത്തതിന്റെ പേരിൽ പല സ്പോർട്സ് മത്സരങ്ങളിൽ നിന്നും താൻ പിൻ വാങ്ങിയ രംഗം ഓർമ്മ വന്നു. തന്റെ ഇല്ലായ്മകൾ ആരോടും പങ്കു വയ്ക്കാതെ തന്നിലേക്ക് ചുരുങ്ങുന്ന കുട്ടികൾ ഇപ്പോഴുമുണ്ടെന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി ” ഇത്രയേ ഉള്ളോ അതിനാണോ പരിഹാരമില്ലാത്തത്” അവളുടെ കണ്ണു നീർ തുടച്ചു കൊണ്ട് പറഞ്ഞു. പീരീഡ് അവസാനിച്ച ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ കളി സാധനങ്ങൾ സ്പോർട്സ് റൂമിൽ വച്ച് കുട്ടികൾ വരിവരിയായി ക്ലാസ്സിലേക്ക് തിരിച്ചു. വൈകുന്നേരം സ്കൂൾ വിട്ട് എന്റെ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ എന്റെ ഏറ്റവും വലിയ ആവശ്യം ഭുവനയുടെ ആഗ്രഹമായിരുന്നു. 75 സെ.മീ. ഉള്ള മൂന്ന് ജട്ടികൾ അടങ്ങിയ ഒരു ടിന്നുമായി വീട്ടിലേക്ക് പോകുമ്പോൾ എന്നത്തേയുംകാൾ ഞാൻ സന്തോഷവതിയായിരുന്നു. എന്തൊക്കെയൊ ചെയ്തു തീർത്ത സംതൃപ്തി . മനസ്സിൽ പൂത്തിരി കത്തിച്ച നിറവ്. ശുഭം….

16 thoughts on “അമ്മത്തുരുത്തുകൾ

  1. എഴുത്ത് ….നന്നായിട്ടുണ്ട് …. പക്ഷേ ഈ തലക്കെട്ട് … എവിടെയോ ഒരു യോജിപ്പ് കുറവു പോലെ ….

    Liked by 1 person

  2. വായിച്ചു തീ൪ന്നപ്പോൾ എനിക്കും അനുഭവപ്പെട്ടു ആ സംതൃപ്തി.
    😊 smiles of Some teachers went through my mind for a moment.

    Liked by 1 person

  3. കഥ ഇഷ്ടമായി. വീണ്ടും എഴുതണം. തലക്കെട്ട് ആകർഷണീയത്വം ഉള്ളതല്ല, എന്നാൽ അത് പറയാനുള്ള അർഹത എനിക്കില്ല. ഞാനായിരുന്നെങ്കിൽ “3 ഷഡ്ഡികൾ” എന്നോ “ഷഡ്ഡിയും സന്തോഷവും” എന്നൊക്കെ കൊടുക്കുമായിരുന്നു. ഹ… ഹ… ഹ…

    Liked by 1 person

    1. അനുയോജ്യമായ ഒരു തലക്കെട്ട് എനിക്കു കിട്ടിയില്ല. ഇനിയും തെറ്റു കുറ്റങ്ങൾ കണ്ടെത്തിയുള്ള പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

      Like

      1. തലക്കെട്ട് എന്നെ ആകർഷിച്ചില്ല എന്നേ പറയുന്നുള്ളൂ. അത് മോശമല്ല. ശ്രേഷ്ടത ഉള്ളതു തന്നെ.

        Liked by 1 person

  4. നിർമ്മല… എഴുത്ത് കൊള്ളാം. വളരെ ലളിതമായി ഇത്രയും സാധാരണമായ സത്യം! പലപ്പോഴും ഇത്തരം കഥാതന്തു അസാധാരണമായി മാത്രമേ കാണാറുള്ളൂ. ധൈര്യത്തിന്, സത്യസന്ധതയ്ക്ക് എന്റെ കയ്യടി…!🙏🙏🙏

    പിന്നെ തലക്കെട്ട് അത് ചിലപ്പോൾ അങ്ങനെയാണ് കഥയൊക്കെ തീർന്നാലും ചിലപ്പോൾ മനസ്സിന് സുഖം തരുന്ന ഒന്ന് കിട്ടില്ല. അവസാനം കഥ ഇടാനായ്‌ പേരിടും…സാരമില്ല.
    ഈ കഥയുടെ തലക്കെട്ട് ഇനിയും എഡിറ്റ് ചെയ്യാൻ പറ്റും; അങ്ങനെ തോന്നിയാൽ….
    “അമ്മത്തുരുത്തുകൾ” അങ്ങനെ വിളിക്കാൻ തോന്നി. ഒരുപക്ഷേ ഈ കഥയിലെ പ്രധാന തന്തു ജട്ടി അല്ല എന്ന് തോന്നിയത് കൊണ്ടാവാം!!

    Liked by 2 people

Leave a comment